swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയെ എയർഇന്ത്യയിലെ ജീവനക്കാരനെ ആൾമാറാട്ടം നടത്തി, വ്യാജപീഡനക്കേസിൽ കുടുക്കിയ കേസിൽ രണ്ടുവർഷം മുൻപ് തെളിവുസഹിതം ക്രൈംബ്രാഞ്ച് കുടുക്കിയപ്പോൾ രക്ഷിച്ചത് പൊലീസിലെ ഉന്നതർ! അന്വേഷണ സംഘത്തെ തെറിപ്പിച്ചായിരുന്നു സ്വപ്നയെ രക്ഷിച്ചത്. തിരുവനന്തപുരം എയർപോർട്ടിൽ എച്ച്.ആർ വിഭാഗത്തിലായിരുന്നപ്പോൾ സ്വപ്നയുടെ കണ്ണിലെ കരടായ

എയർഇന്ത്യ സാറ്റ്‌സിലെ ടെക്‌നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി നൽകി സ്വപ്ന കുടുങ്ങിയപ്പോഴായിരുന്നു രക്ഷകരായി പൊലീസിലെ ഉന്നതരെത്തിയത്.

2015 മാർച്ച് 17നാണ് എയർഇന്ത്യ സാറ്റ്സിലെ 17 പെൺകുട്ടികൾ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. എയർ ഇന്ത്യയിലെയിലെ ആഭ്യന്തര അച്ചടക്കസമിതി ഉദ്യോഗസ്ഥനെ പുറത്താക്കി. തുടർന്ന് അദ്ദേഹം വലിയതുറ പൊലീസിൽ ഉൾപ്പെടെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2015 ഡിസംബറിൽ ഡി.ജി.പിയായിരുന്ന ടി.പി.സെൻകുമാറിന് പരാതിനൽകിയതിനെ തുടർന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ 15 പെൺകുട്ടികളും സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. 2 പേർ പരാതിയിൽ ഉറച്ചു നിന്നു. വിശദ പരിശോധനയിൽ പരാതിക്ക് പിന്നിൽ സ്വപ്നയാണെന്ന് കണ്ടെത്തി.

ചോദ്യംചെയ്യാൻ പലതവണ വിളിച്ചെങ്കിലും സ്വപ്ന ഹാജരായില്ല. ക്രൈംബ്രാഞ്ച് സ്വപ്നയുടെ മുടവൻമുകളിലെ ഫ്ലാറ്റിലെത്തി പിറ്റേന്ന് ഓഫീസിലെത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് അന്ത്യശാസനം നൽകി. പിറ്റേദിവസം രാവിലെ ഭർത്താവിനൊപ്പം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ സ്വപ്ന ക്രൈംബ്രാഞ്ച് അസി.കമ്മിഷണർക്ക് മുന്നിൽ കാലിന്മേൽ കാൽകയറ്റി ഇരുന്നു. ഇതിനിടെ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥനെതിരെ എഴുതി നൽകിയ പീഡന പരാതിയിലെ കൈയക്ഷരം സ്വപ്നയുടേതാണെന്ന് പരിശോധനയിൽ തെളിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥർ സ്വപ്നയ്ക്ക് നേരെ കയർത്തു.

പരിഭ്രാന്തിയിലായ സ്വപ്ന ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞു. തൊട്ടുപിന്നാലെ ഉന്നതഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചു ശകാരിച്ചു. കൂടുതൽ മൊഴിയെടുക്കലൊന്നും വേണ്ട പെട്ടന്ന് പറഞ്ഞു വിടാൻ നോക്ക് "- ഇതായിരുന്നു നിർദ്ദേശം. ഇതോടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ "മാഡം പോയ്‌ക്കോളൂ" എന്ന് പറഞ്ഞുവിട്ടു. അടുത്തദിവസം സ്വപ്നയെയും കൂട്ടാളിയെയും പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വഴി അന്വേഷണ ഉദ്യോഗസ്ഥർക്ക് കാൽക്കോടി രൂപയുടെ ഓഫറെത്തി. എന്നാൽ അന്വേഷണസംഘം വഴങ്ങിയില്ല. 2017മാർച്ചിലായിരുന്നു ഈ സംഭവം.

പിറ്റേദിവസം അന്നത്തെ ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനിൽ നിന്ന് ഫയൽ തിരികെവാങ്ങി. അന്വേഷണച്ചുമതല ജില്ലാ ക്രൈംറെക്കാഡ്‌സ് ബ്യൂറോ അസി.കമ്മിഷണർക്ക് കൈമാറി. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം മനസിലായ പരാതിക്കാരൻ സ്ഥാനമേറ്റ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയെ സമീപിച്ചു. ഡി.ജി.പിയുടെ ഉത്തരവ് ലംഘിച്ചാണ് ഡി.സി.പി പുതിയ ഉത്തരവിറക്കിയതെന്ന് വ്യക്തമായതോടെ കേസ് ക്രൈംബ്രാഞ്ചിലെ പഴയ സംഘത്തിന് കൈമാറി. എന്നാൽ മൂന്ന് ദിവസത്തിനിടെ ഈ സംഘത്തിലെ ഉദ്യോഗസ്ഥരെ ലോക്കൽ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. പിന്നാലെ സ്വപ്നക്കെതിരെ തെളിവില്ലെന്ന് കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. നേരത്തേ ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ തിരിച്ച് ജോലിക്ക് കയറിയിരുന്നു.

ഒന്നുമാകാതെ പുനരന്വേഷണം

കേസ് അവസാനിപ്പിച്ചത് ചോദ്യം ചെയ്ത് പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനാലാണ് പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിന് ഡി.ജി.പി നിർദ്ദേശം നൽകിയത്. ആഗസ്റ്റിൽ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് എസ്.പി എ.ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്വപ്നയെ രണ്ടുവട്ടം ചോദ്യം ചെയ്തു. സ്വപ്നയ്ക്കെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. കൂടുതൽ സമയം തേടിയിട്ടുമുണ്ട്.