തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മറ്റു സംവിധാനങ്ങളും വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൂന്തുറ ഉൾപ്പടെയുള്ള വിവിധ കണ്ടെയ്ൻമെന്റ് സോണുകൾ സന്ദർശിച്ചു. പൂന്തുറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലുമെത്തിയ മന്ത്രി ആരോഗ്യ പ്രവർത്തകരുമായി സംസാരിച്ചു. സൗകര്യങ്ങളെല്ലാം സജ്ജമാണെന്നും പ്രദേശവാസികൾ സഹകരിക്കുന്നതായും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടായതിൽ ഖേദമുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സാഹചര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്നും ഫാ. ബെബിൻസൺ മന്ത്രിയോട് പറഞ്ഞു. അനിഷ്ട സംഭവത്തിൽ അബദ്ധത്തിൽ പങ്കാളികളായവർക്ക് കുറ്റബോധമുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രിയെക്കൂടി അറിയിക്കണമെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു. ആത്മസംയമനത്തോടെ എല്ലാവരും പെരുമാറണമെന്നും ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നാട്ടുകാരോട് അഭ്യർത്ഥിച്ചു. സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്‌തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.