നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് വ്യാപനം ഏറുന്നു. ജനങ്ങൾ ഭയപ്പാടോടെയാണ് കഴിയുന്നത്. ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 1300 കടന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. പലരുടേയും ഉറവിടങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. രോഗം സ്ഥിരീകരിച്ചതിൽ 80ൽ അധികം പേർക്കും സമ്പർക്കത്തിലൂടെയാണ്.

നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 715 പേർ ചികിത്സയിൽ ഉണ്ട്. 52 പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1374 ആയി. ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സ നേടിയ 607 പേർ രോഗ മുക്തി നേടി. വടശ്ശേരി പൊലീസ് സ്റ്റേഷനിൽ ഒരു എസ്.ഐക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷൻ താത്കാലികമായി അടച്ചു. ആശാരിപള്ളം ആശുപത്രിയിൽ 300 രോഗികളെ ചികിത്സിക്കാനുള്ള ഐസൊലേഷൻ വാർഡാണ്‌ ഉണ്ടായിരുന്നത്. രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ 200 പേർക്ക് കൂടി ചികിത്സയിൽ കഴിയാനുള്ള സംവിധാനം ചെയ്തെങ്കിലും അതും നിറഞ്ഞ അവസ്ഥയിലാണ്. ജില്ലാ ഭരണകൂടത്തിന്റെ അശ്രദ്ധകാരണമാണ് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുടിയത്. അന്ന്യ സംസഥാനത്തിൽ നിന്നും വിദേശത്തിൽ നിന്നും വന്നവരെ കൃത്യമായി ക്വാറന്റൈൻ ചെയ്യാത്തതും രോഗ ബാധിതരുടെ എണ്ണം കൂടാൻ കാരണമായി.