ksrtc

തിരുവനന്തപുരം: സ്ഥിരജീവനക്കാർക്കും താത്കാലിക ജീവനക്കാർക്കും ഉൾപ്പെടെ ശമ്പളം നൽകാനായി കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 69 കോടി രൂപ കൊടുത്തിട്ടും കോർപ്പറേഷനിലെ താത്കാലിക ജീവനക്കാർക്ക് ഈ മാസം ശമ്പളം കിട്ടിയില്ലെന്ന് പരാതി. മാർച്ചിൽ ലോക്ക് ‌ഡൗൺ പ്രഖ്യാപിച്ച് സർവീസുകളൊക്കെ നിലച്ചപ്പോൾ സ്ഥിരം ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ലഭിച്ചപ്പോൾ താത്കാലിക ഡ്രൈവർമാർക്ക് ആശ്വാസ സഹായമായി 8,​500 രൂപ വീതവും കണ്ടക്ടർമാർക്ക് 8000 രൂപ വീതവുമാണ് ലഭിച്ചിരുന്നത്. ഇളവുകളെ തുടർന്ന് സർവീസുകൾ പുനരാരംഭിച്ചപ്പോൾ ജോലി ലഭിച്ചവർക്ക് ദിവസക്കൂലിയും കൂടി കിട്ടി തുടങ്ങിയിരുന്നു. ലോക്ക് ഡൗണിനു മുമ്പുള്ള അതേ നിലയിൽ വേതനം കൊടുക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക ജീവനക്കാർക്കും വേതനം നൽകി വന്നിരുന്നത്. അതാണിപ്പോൾ മുടങ്ങിയത്. ചീഫ് ഒാഫീസിലെ ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ‌ഡൗൺ പ്രഖ്യാപിക്കും മുമ്പ് 2400 സർവീസുകൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ 1700 സർവീസുകളേയുള്ളൂ.

താത്കാലികക്കാരെ കരുവാക്കി കളി

നാലിലൊന്ന് സർവീസുകളാണ് ഇപ്പോൾ നടത്തുന്നതെങ്കിലും ഡ്യൂട്ടി ചെയ്യാതെ മാറി നിന്നിട്ട് ആ ഡ്യൂട്ടി താത്കാലിക ജീവനക്കാരെ കൊണ്ടു ചെയ്യിക്കുന്ന ചില സ്ഥിരം ജീവനക്കാരുടെ കള്ളക്കളിക്ക് മാനേജ്മെന്റ് ഈയിടെ തടയിട്ടിരുന്നു. ഡ്യൂട്ടി ചെയ്യാൻ തയ്യാറാകാത്തവർ ലീവ് എടുത്ത് മാറി നിൽക്കണമെന്നായിരുന്നു മാനേജ്മെന്റ് നിലപാട്. ഇതിനെ തൊഴിലാളി സംഘടനകൾ എതിർത്തു. അതോടെ കണ്ടക്ടർ,​ ഡ്രൈവർ ഡ്യൂട്ടി സ്ഥിരം ജീവനക്കാർക്ക് നൽകിയാൽ മതിയെന്നും അത് സാദ്ധ്യമല്ലെങ്കിൽ ചീഫ് ഓഫീസിനെ അറിയിക്കണമെന്നും കാണിച്ച് കോർപ്പറേഷൻ ഉത്തരവിറക്കി. അങ്ങനെ വരുമ്പോൾ താത്കാലിക ശമ്പളം നൽകേണ്ടതില്ലെന്ന് ചീഫ് ഓഫീസിലെ ചിലർ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ പത്ത് വർഷമായി താത്കാലിക കണ്ടക്ടറായി ജോലി നോക്കുന്നു. കുടുംബം പുലർത്താൻ വേറെ വഴിയില്ലാഞ്ഞിട്ടാണ് ഇപ്പോഴും കോർപ്പറേഷനെ ആശ്രയിക്കുന്നത്. ഈ കൊവിഡ് കാലത്ത് ഉള്ള വരുമാനം കൂടി നഷ്ടപ്പെട്ടാൽ കുടുംബം പട്ടിണിയാകും.

അനിത, താത്കാലിക ജീവനക്കാരി