തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
വിദേശികളുടെയോ, വിദേശ എംബസികളിലോ നയതന്ത്ര കാര്യാലയങ്ങളിലോ ജോലി ചെയ്യുന്നവരുടെയോ ആതിഥ്യം അനൗദ്യോഗികമായി സ്വീകരിക്കുരുതെന്ന് 1968ലെ സിവിൽസർവീസ് ചട്ടത്തിലുണ്ട്. യു.എ.ഇ കോൺസുൽ ജനറലിന്റെ എക്സിക്യുട്ടീവ് സെക്രട്ടറിയെന്ന തന്ത്രപ്രധാന ചുമതലയിലിരിക്കുമ്പോൾ തന്നെ സ്വപ്നയും ശിവശങ്കറും തമ്മിൽ ബന്ധമുണ്ടായിരുന്നതായി കേന്ദ്രഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനുള്ള സാദ്ധ്യതയുമുണ്ട്.
കോൺസുലേറ്റിലെ ജോലി വിട്ടശേഷം ഐ.ടി വകുപ്പിൽ ജോലി ചെയ്യുമ്പോഴും, കോൺസുലേറ്റ് ആവശ്യപ്പെടുമ്പോൾ താൻ അവിടുത്തെ ജോലികൾ ചെയ്തിരുന്നതായി സ്വപ്ന ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ വെളിപ്പെടുത്തിയിരുന്നു. ഐ.ടി വകുപ്പ് സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ നിയന്ത്രണത്തിലുള്ള സ്പേസ് പാർക്കിലെ ഉന്നത പദവിയിലായിരുന്നു സ്വപ്ന. ഐടി വകുപ്പിന്റെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും നിരവധി പരിപാടികളുടെ നടത്തിപ്പുകാരിയുടെ റോളിലും . സ്വപ്നയുടെ ഫ്ലാറ്റിൽ ശിവശങ്കർ പതിവായി എത്താറുണ്ടായിരുന്നെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വെളിപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിനടുത്തെ ശിവശങ്കറിന്റെ ഫ്ലാറ്റിൽ സ്വപ്നയടക്കം എല്ലാ പ്രതികളും എത്തിയിരുന്നതായി കസ്റ്റംസും പറയുന്നു.
നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇടപെടുന്നത് മുതിർന്ന ഉദ്യോഗസ്ഥന്റെ അനുമതിയോടെയാവണമെന്നാണ് സർവീസ് ചട്ടം. ചീഫ്സെക്രട്ടറിയുടെ അനുമതിയോടെയേ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരോടോ നയതന്ത്ര പ്രതിനിധികളോടോ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ഇടപെടാനാവൂ. ഇങ്ങനെയൊരു അനുമതി ശിവശങ്കർ തേടിയിരുന്നില്ലെന്ന് ഉന്നതഉദ്യോഗസ്ഥർ പറയുന്നു. ഇത്തരക്കാരുടെ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കുള്ള നിയന്ത്രണവും ശിവശങ്കർ ലംഘിച്ചു.