തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനമുണ്ടായിരിക്കുന്ന തിരുവനന്തപുരം തീരദേശമേഖലയിൽ മാസ്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചതായി വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. പൂന്തുറ, മാണിക്യവിളാകം, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, വള്ളക്കടവ്, മുട്ടത്തറ ശംഖുംമുഖം, വെട്ടുകാട് എന്നീ വാർഡുകളിലാണ് രണ്ടുലക്ഷം മാസ്കുകളും അമ്പതിനായിരം സാനിറ്റൈസറുകളും ലഭ്യമാക്കുന്നത്. പൂന്തുറ ആശുപത്രി, വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രി, ഫോർട്ട് താലൂക്കാശുപത്രി എന്നിവ മുഖേനയാണ് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഫോർട്ട് താലൂക്കാശുപത്രി, വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രി, പൂന്തുറ ആശുപത്രി, നഗരാരോഗ്യകേന്ദ്രങ്ങളായ ജഗതി, പാൽക്കുളങ്ങര, വെട്ടുകാട്, ചാക്ക, ചാല, രാജാജിനഗർ എന്നിവയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 1.5 കോടി രൂപ അനുവദിച്ചിട്ടുള്ളതായും ശിവകുമാർ അറിയിച്ചു.