covid-19
COVID 19

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. ഇന്നലെ 435 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 206 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ 7871 ആയി. അതേസമയം കൊല്ലത്ത് കൊവിഡ് ചികിത്സയിലായിരുന്ന വാളത്തുംഗൽ സരിഗയിൽ ത്യാഗരാജൻ (74) ഇന്നലെ ഉച്ചയോടെ മരിച്ചു.

5ന് തൃശൂരിൽ മരിച്ച വത്സല (63)​,​ ആലപ്പുഴയിൽ 7ന് മരിച്ച ബാബു (52)​ എന്നിവരുടെ പുന:പരിശോധനാ ഫലം പോസിറ്റിവാണ്. വെള്ളിയാഴ്ച തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഗൗരിക്കുട്ടി (75) യുടെ ഇന്നലെ കിട്ടിയ പോസ്റ്റ്മോർട്ടത്തിന് മുൻപുള്ള പരിശോധനാഫലവും പോസിറ്രീവായി. ത്യാഗരാജന്റെയും ഗൗരിയുടെയും മരണ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കണ്ണൂർ ജില്ലയിലെ ഓരോ ഡി.എസ്.സി, സി.ഐ.എസ്.എഫ് ജവാൻമാർക്കും രോഗം ബാധിച്ചു. 132 പേർ രോഗമുക്തരായി. 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി ഉണ്ടായതോടെ ആകെ ഹോട്ട് സ്‌പോട്ടുകൾ 222 ആയി. കാസർകോട് ജില്ലയിലെ വലിയപറമ്പ് (വാർഡ് 4, 7,10,13), മടിക്കൈ (2,12), കാറഡുക്ക (4, 7,10,14) എന്നീ പ്രദേശങ്ങളെ കണ്ടെയ്‌മെന്റ് സോണിൽ നിന്ന് ഒഴിവാക്കി.