ganja

കൊല്ലം: കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഒന്നരക്കിലോ കഞ്ചാവുമായി പിടിയിലായി. പ്രാക്കുളം ചന്തമുക്ക് വിളയിൽശ്ശേരി വീട്ടിൽ രാജപ്പൻ എന്നുവിളിക്കുന്ന രാജേഷ്(39) ആണ് എക്സൈസിന്റെ പിടിയിലായത്. എക്സൈസ് സംഘം കാഞ്ഞാവെളി കൊന്നമുക്കിന് സമീപം വാഹനപരിശോധന നടത്തവേ ബുള്ളറ്റിൽ കഞ്ചാവുമായി വന്ന രാജേഷ് വെട്ടിച്ചുകടക്കാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥർ ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

രണ്ടു കിലോ കഞ്ചാവ് 50,000 രൂപയ്ക്ക് ഒരു തമിഴ്നാട്ടുകാരനിൽ നിന്ന് വാങ്ങി ഗ്രാമിന് 500 രൂപാ നിരക്കിലാണ് വില്പ്പന നടത്തി വന്നിരുന്നതെന്ന് രാജേഷ് എക്സൈസിനോട് വെളിപ്പെടുത്തി. യുവാക്കൾക്കാണ് പ്രധാനമായും വിറ്റിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി. രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, വിഷ്ണു, കബീർ, ഡ്രൈവർ നിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടരന്വേഷണം കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷ് ഏറ്റെടുത്തു.