പരിശോധനയുടെ എണ്ണം കൂട്ടി
തിരുവനന്തപുരം: കൊവിഡ് സാമൂഹ്യവ്യാപനം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നത് ആശങ്കയുണ്ടാക്കുന്നു. പത്തുദിവസത്തിനുള്ളിൽ 1083 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നത് സാമൂഹ്യവ്യാപനത്തിലേക്ക് പോകുന്നതിന്റെ സൂചനയാണെന്ന് വിദഗ്ദർ പറയുന്നു. സമ്പർക്ക രോഗികളിൽ പലരുടെയും രോഗഉറവിടം കണ്ടെത്താനാകാത്തത് വെല്ലുവിളിയാണ്.
ഈ സാഹചര്യത്തിൽ രോഗപരിശോധനയുടെ എണ്ണം കൂട്ടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരശോധിച്ചത്. ഇതുവരെ ആകെ 3,47,529 സാമ്പിളുകൾ പരിശോധനയ്ക്കച്ചു.ഇതിൽ 5944 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
206 പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം, കാസർകോട് ജില്ലകളിലാണ് ഇന്നലെ ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ - 41. തലസ്ഥാനത്ത് 31, ആലപ്പുഴയിൽ 35, പത്തനംതിട്ടയിൽ 24 എന്നിങ്ങനെയാണ് കണക്ക്. കൊല്ലത്ത് ഇന്നലെ രോഗബാധിതരായ അഞ്ചു പേർക്കും സമ്പർക്കം വഴിയാണ് കൊവിഡ്.
സി.ഐ.എസ്.എഫ് ജവാന്മാർക്ക് ഇടയിൽ രോഗം വ്യാപിക്കുന്നതും ആശങ്കപ്പെടുത്തുന്നു.
ഒരു രോഗിയിൽ നിന്ന് രണ്ടിലേറെ പേർക്ക് അസുഖം പകരുന്ന സൂപ്പർസ്പ്രെഡ് പ്രതിഭാസം മൂന്ന് സ്ഥലങ്ങളിലുണ്ടായിയെന്ന് സർക്കാർ സ്ഥിരീകരിച്ചിരുന്നു. ഇത് നിയന്ത്രിക്കാൻ സർക്കാർ ട്രപ്പിൾ ലോക്ക് ഡൗണും പ്രയോഗിച്ചു. എന്നാൽ ഇതിനെതിരെ പൂന്തുറയിൽ പ്രതിഷേധമുണ്ടായതിനെ തുടർന്ന് അവിടെ കൊവിഡ് ആന്റിജൻ പരിശോധന നിറുത്തിവെക്കേണ്ടിവന്നിരുന്നു.
ജൂലായിലെ സമ്പർക്ക രോഗികൾ
തീയതി, രോഗികൾ എന്ന ക്രമത്തിൽ
1 - 13
2- 14
3-27
4- 17
5-38
6-35
7-68
8-90
9-140
10- 204
11-234
12-206