തിരുവനന്തപുരം: കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ 262 കേസുകൾ റിപ്പോർട്ട് ചെയ്‌ത മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി മേഖലകളിൽ പുതിയ കൊവിഡ് രോഗികളില്ലാത്തത് നേരിയ ആശ്വാസമായി. എന്നാൽ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഇൗ മൂന്നു വാർഡുകളോട് ചേർന്നുള്ള വള്ളക്കടവ്, പുല്ലുവിള, ബീമാപ്പള്ളി പ്രദേശങ്ങളിൽ ഉറവിടം അറിയാത്തതും സമ്പർക്കം വഴിയുള്ള രോഗികളുമുണ്ടായത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇൗ പ്രദേശങ്ങളിൽ ഇത്തരത്തിൽ ഏഴ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഫോർട്ടിലും ഉറവിടം അറിയാത്ത ഒരു രോഗിയുണ്ട്. ജില്ലയിലെ ഒമ്പത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലായി 45 വാർഡുകളാണ് ഇതുവരെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടിട്ടുള്ളത്. കണ്ടെയ്മെന്റ് സോണുകളിൽ ആവശ്യമെങ്കിൽ പി.സി.ആർ പരിശോധ നടത്തുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ സന്ദർശനം നടത്തി. പൂന്തുറയിലെ കൊവിഡ് ഐസൊലേഷൻ സെന്റർ, ബീമാപള്ളി വി.എം ആശുപത്രി, പൂന്തുറ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ ക്വാറന്റൈൻ സെന്ററുകളിലെ സൗകര്യങ്ങൾ കളക്ടർ വിലയിരുത്തി.
ആന്റിജെൻ പരിശോധന പുനരാരംഭിച്ചു
പൂന്തൂറ മേഖലയിൽ രണ്ടു ദിവസമായി നിറുത്തിവച്ചിരുന്ന ആന്റിജെൻ പരിശോധന പുനരാരംഭിച്ചു. ആയുഷ് ആശുപത്രിയിൽ നടത്തിവന്ന പരിശോധനയായിരുന്നു നിറുത്തിവച്ചിരുന്നത്. ഇന്നലെ രാവിലെ 10.45 മുതൽ 2.15 വരെ ആരോഗ്യപ്രവർത്തകർ സ്രവം ശേഖരിച്ചു. 30 പേരുടെ സ്രവം ശേഖരിച്ചതിൽ 15 പോസിറ്റീവ് കേസുകളുണ്ടെന്നാണ് വിവരം. പരിശോധന വ്യാപകമാക്കിയതോടെ കൂടുതൽ കേസുകളുണ്ടാവാമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
തീരദേശ മേഖലയിൽ ട്രിപ്പിൾ
ലോക്ക് ഡൗണിൽ ഇളവുകൾ
നഗരസഭ പരിധിയിൽ പ്രഖ്യാപിച്ച പുതിയ ഇളവുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായ പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകൾക്ക് ബാധകമായിരിക്കില്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണം തുടരും. ഇവിടെ പാൽ, പലചരക്ക് കടകൾ, ബേക്കറി എന്നിവയ്‌ക്ക് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം. ബാങ്കുകൾ പ്രവർത്തിക്കില്ല. മൊബൈൽ എ.ടി.എം സൗകര്യം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ലഭ്യമാകും. പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയുടെ ലഭ്യത മിൽമ ഉറപ്പാക്കും. വൈകിട്ട് ഏഴു മുതൽ രാവിലെ അഞ്ചുവരെ നൈറ്റ് കർഫ്യു ആയിരിക്കും. മെഡിക്കൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ അനാവശ്യമായി ആരും വീടിന് പുറത്തിറങ്ങരുതെന്നും സർക്കാർ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായും പാലിക്കണമെന്നും കളക്ടർ അറിയിച്ചു.