crpf

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്രംസിനും എൻ.ഐ.എയ്ക്കും സുരക്ഷയൊരുക്കാൻ സി.ആ‌ർ.പി.എഫ് സംഘത്തെ നിയോഗിച്ചു. റെയ്ഡുകൾക്കും അറസ്റ്റുകൾക്കും സി.ആർ.പി.എഫ് സുരക്ഷയൊരുക്കും. ഇതിനായി പള്ളിപ്പുറത്തു നിന്ന് 150ജവാന്മാരെ നിയോഗിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള കസ്റ്റംസ് ഓഫീസുകൾക്കും ഇവർ സുരക്ഷയൊരുക്കും. കസ്റ്റംസ് ഇതുവരെയുള്ള റെയ്ഡുകളിൽ പൊലീസിന്റെ സഹായം തേടിയിട്ടില്ല. അരുവിക്കരയിലെ സന്ദീപിന്റെ വീട്ടിൽ റെയ്ഡിനിടെ വിവരമറിഞ്ഞെത്തിയ പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് അംഗങ്ങളെ കസ്റ്റംസ് വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു.

കന്റോൺമെന്റ് സ്റ്റേഷന് തൊട്ടടുത്തുള്ള തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിന് സുരക്ഷയൊരുക്കാനും പൊലീസിനെ സമീപിച്ചില്ല. ചില രഹസ്യവിവരങ്ങൾ ചോരുന്നതായി കേന്ദ്രസർക്കാർ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. ഏതെങ്കിലും ഏജൻസികൾ ഫോൺ കാൾ വിവരങ്ങൾ ആവശ്യപ്പെട്ടാൽ ഇന്റലിജൻസിൽ അറിയിക്കണമെന്ന് നേരത്തേ മൊബൈൽ സേവന ദാതാക്കൾക്ക് പൊലീസിലെ ഉന്നതർ നിർദ്ദേശം നൽകിയെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതേത്തുടർന്ന് ഇന്റലിജൻസ് ബ്യൂറോയുടെയും സി.ബി.ഐ ഇന്റലിജൻസ് വിഭാഗത്തിന്റെയും സഹായത്തോടെയാണ് കസ്റ്റംസ് വിവരങ്ങൾ ശേഖരിക്കുന്നത്. എൻ.ഐ.എയ്ക്ക് ഫോൺ വിവരങ്ങൾ ശേഖരിക്കാൻ സ്വന്തം സംവിധാനമുണ്ട്.