തിരുവനന്തപുരം: ലോക്ക് ഡൗൺ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ വിലക്കുലംഘനം നടത്തിയ 126 പേർക്കെതിരെ ഇന്നലെ കേസെടുത്തതായി സിറ്റിപൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. അനാവശ്യയാത്ര നടത്തിയ 45 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 140 പേർക്കെതിരെയും കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ പ്രവർത്തിച്ച 20 കടകൾ പൂട്ടി. നഗരത്തിൽ കൊവിഡ്‌ രോഗവ്യാപനം അതിരൂക്ഷമായ പൂന്തുറയിലും പരിസര പ്രദേശങ്ങളിലും പൊലീസ് നടപടി ശക്തമായി തുടരുന്നതായി കമ്മിഷണർ അറിയിച്ചു. സാമൂഹിക അകലം പാലിക്കാതെ പ്രവർത്തിച്ചതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേസെടുത്ത 20 കടകൾ പൂട്ടിക്കുന്നതിനുള്ള റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ നഗരസഭ സെക്രട്ടറിക്ക് കൈമാറി. വിലക്ക് ലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.