missing

കൊയിലാണ്ടി: ഭർതൃമതിയായ യുവതിയുടെയും യുവാവിന്റെയും തിരോധാനം സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വടകര കുട്ടോത്ത് പഞ്ചാക്ഷരിയിൽ ടി.ടി. ബാലകൃഷ്ണന്റെ മകൾ ഷൈബ (37) യെയും മണിയൂർ കുറുന്തോടി പുതിയോട്ട് മീത്തൽ സന്ദീപ് (45)നെയും കാണാതായ കേസാണ് റൂറൽ എസ്‌.പി എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ അമ്പതോളം പേരിൽ നിന്ന് മൊഴിയെടുത്തു. പയ്യോളിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ച് വരുത്തിയായിരുന്നു മൊഴിയെടുക്കൽ. നേരത്തെ ലോക്കൽ പൊലീസ് തമിഴ്‌നാട്ടിലെ തഞ്ചാവൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. വിദേശത്ത് പോവുന്നതിന് മുമ്പ് നാട്ടിൽ ലോറി ഡ്രൈവറായിരുന്ന സന്ദീപ് ഗോവ, തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലോറിയുമായി പോയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഇതിനായി ഇതര സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിൽ ഫോട്ടോ ഉൾപ്പെടെ പരസ്യം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെ ഒക്ടോബർ നാലിന് പാലക്കാട് ജില്ലയിലെ ആലത്തൂർ സ്റ്റേഷൻ പരിധിയിൽ തൂങ്ങി മരിച്ചതിന് ശേഷം അഴുകിയ നിലയിൽ കണ്ടെത്തിയ യുവതിയുടെയും യുവാവിന്റെയും മൃതദേഹം ഇവരുടേതല്ലെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട് ഷൈബയുടെ ഭർത്താവ് ഗിരീഷ് കുമാർ വിദേശത്ത് നിന്ന് നാട്ടിലെത്തിയിട്ടുണ്ട്. 2019 മേയ് 14 മുതലാണ് ഷൈബയെ കാണാതാവുന്നത്. അന്നേ ദിവസം രാവിലെ ഭർത്താവ് കല്ലേരി പൊൻമേരിപറമ്പിൽ വലിയ പറമ്പത്ത് ഗിരീഷ് കുമാറിന്റെ വീട്ടിൽ നിന്ന് മകളുമൊത്ത് സ്‌കൂട്ടറിൽ സ്വന്തം വീട്ടിലെത്തുകയും മകളെ വീട്ടിലാക്കിയശേഷം വടകര അക്ഷയ കേന്ദ്രത്തിൽ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുകയുമായിരുന്നു. സഹോദരൻ ഷിബിൻ ലാൽ വടകര പൊലീസിൽ നൽകിയ പരാതിയിലാണ് സഹോദരിക്ക് വിവാഹത്തിന് മുമ്പ് സന്ദീപുമായി പ്രണയമുണ്ടായിരുന്നതായും വിദേശത്തുള്ള അയാളുടെ കൂടെയാണോ പോയതെന്ന് സംശയിക്കുന്നതായും സൂചിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൈബയ്ക്കൊപ്പം സന്ദീപിലേക്കും അന്വേഷണം എത്തിയത്. ഷൈബയെ കാണാതായ ദിവസം ഖത്തറിൽ നിന്ന് സന്ദീപ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ സന്ദീപ് വീട്ടുകാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിട്ടില്ല. സന്ദീപിന്റെ വീട്ടുകാർ പൊലീസിനെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാതെ തിരിച്ചയക്കുകയായിരുന്നു. ഷൈബയെ സന്ദീപും പിതാവും ഒരു വർഷമായി ബലമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാണിച്ച് ഷൈബയുടെ പിതാവ് ടി.ടി. ബാലകൃഷ്ണൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തിരുന്നു. കേസ് പരിഗണിച്ച കോടതി ജൂൺ 17 ന് പുറപ്പെടുവിച്ച ഉത്തരവിൽ നാലാഴ്ചക്കകം യുവതിയെ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. കാണാതാവുന്നതിന് തൊട്ടടുത്ത ദിവസം ഷൈബ ബാങ്ക് അക്കൗണ്ടിൽ നിന്ന് 30,000 രൂപ പിൻവലിച്ചതായും വിവാഹ ആൽബം ഉൾപ്പെടെ നശിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹസമയത്ത് ഷൈബക്ക് നൽകിയ 60 പവനിൽ 40 പവൻ വിറ്റ തുകയ്ക്ക് വാങ്ങിയ സ്ഥലത്തിന്റെ ആധാരവും കൈവശം ഉണ്ടായിരുന്ന 20 പവനും കൊണ്ടുപോയതായി പൊലീസ് സംശയിക്കുന്നു. അതേസമയം കാണാതാവുന്നതിന് ദിവസം മുമ്പ് വലിയ തുക സന്ദീപ് സഹോദരന് അയച്ച് കൊടുത്ത് വീടിന്റെ ലോൺ തീർത്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സന്ദീപ് വിദേശത്തായിരുന്നപ്പോൾ സുഹൃത്തിന് ഉപയോഗിക്കാൻ നൽകിയ ബൈക്ക് സുഹൃത്തിന്റെ പേരിലേക്ക് മാറ്റിയിരുന്നു. ആളില്ലാതെ ബൈക്കിന്റെ ഉടമസ്ഥാവകാശം എങ്ങനെ മാറ്റിയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും.