1

പൂവാർ: പൂന്തുറയിലും സമീപ പ്രദേശങ്ങളിലും കൊവിഡ് സൂപ്പർ സ്‌പ്രെഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തീരമേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന തീരദേശവാസികളുടെ ജീവിതം ദുരിതത്തിലായി.

മത്സ്യബന്ധനം താത്കാലികമായി നിരോധിച്ചതോടെ അനുബന്ധ മേഖലയായ പരമ്പരാഗത മത്സ്യവിപണനവും ഇല്ലാതായി. മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിൽ പണിയെടുത്തിരുന്നവരും പൂർണമായും തൊഴിൽരഹിതരാണിപ്പോൾ. ഐസ് ഫാക്ടറികളും ഫിഷ് മാർക്കറ്റുകളും എക്സ്പോർട്ടിംഗ് കമ്പനികളും അടച്ചിട്ടതോടെ തീരദേശമാകെ അക്ഷരാർത്ഥത്തിൽ ലോക്കിലാണ്. പ്രതിദിന വരുമാനം കൊണ്ട് കുടുംബം പുലർത്തിയിരുന്ന ഇവരുടെ ജീവിതം ദുരിതപൂർണമാണിപ്പോൾ. പരിമിതമായ റേഷൻ ആനുകൂല്യം മാത്രമാണ് ലഭിക്കുന്നത്. അതിൽ തന്നെ പലർക്കും റേഷൻ കാർഡ് പോലുമില്ല. വിരലിലെണ്ണാവുന്ന കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പല കുടുംബങ്ങളും പട്ടിണിയിലാണ്. ആരോഗ്യ പ്രവർത്തകരും ഇടവകയും സന്നദ്ധ സംഘടനാ പ്രവർത്തകരും ഇടതടവില്ലാതെ രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിലാണ്. കഴിഞ്ഞ മാസം 24 ന് വിദേശത്തു നിന്നെത്തിയ ശേഷം ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് വീട്ടിലെത്തിയ 23 കാരന് രോഗം സ്ഥിരീകരിച്ചത് പൂവാർ വരവിളതോപ്പിലാണ്. ഇവിടത്തുകാർ രോഗഭീതിയോടെയാണ് കഴിയുന്നതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. രോഗഭീതി കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിനാൽ തീരദേശമാകെ ആശങ്കയിലാണ്. സർക്കാരിന്റെ ഉചിതമായ ഇടപെടൽ തീരദേശത്ത് അനിവാര്യമാണെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.

കൊവിഡിന്റെ പിടിയിൽ തീരദേശം

കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ അടിമലത്തുറയിലും കരുംകുളം ഗ്രാമപഞ്ചായത്തിലെ പുല്ലുവിളയിലും ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കരുംകുളം പഞ്ചായത്തിലെ പല വാർഡുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുല്ലുവിളയിൽ ഇതുവരെ 28 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 25 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിലൊരാൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമാണ്.

പുല്ലുവിളയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് - 25 പേർ

രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ ആൾക്കാരെ ക്വാറന്റൈനിലാക്കുന്നതിനും പരിശോധന കർശനമാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. തീരപ്രദേശത്തെ ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.

ജി.അനിൽകുമാർ, പ്രസിഡന്റ്, കരുംകുളം ഗ്രാമപഞ്ചായത്ത്

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം, സർക്കാർ ക്വാറന്റൈൻ, ഹോം ക്വാറന്റൈൻ

(ഗ്രാമപഞ്ചായത്ത്)

കോട്ടുകാൽ -15 -82

കരുംകുളം - 36 - 167

 പൂവാർ - 24 -90

കുളത്തൂർ - 31 -135