മലയിൻകീഴ്: ഏഴുമാസം മുൻപ് വരെ തന്റെ ജീവനോപാധിയായിരുന്ന വളർത്തു പശുക്കളെ ഇനിയാര് പരിപാലിക്കുമെന്ന് ഒാർത്ത് കട്ടിലിൽ എഴുന്നേൽക്കാനാകാതെ കിടക്കുകയാണ് വിളപ്പിൽശാല സ്വദേശി സുധയെന്ന വീട്ടമ്മ. കാൻസർ ബാധിച്ച് ഭർത്താവ് മരിച്ചശേഷം പശു വളർത്തലിലൂടെ കുടുംബം പോറ്റിയിരുന്ന മുണ്ടറത്തല അശ്വതി നിവാസിൽ എം.എസ്. സുധ (55) കാൻസറിനെ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായിട്ട് 7 മാസം കഴിഞ്ഞു. ഇപ്പോൾ കൂട്ട് ഇലക്ട്രീഷ്യനായ മകൻ അരുൺകുമാർ (29) മാത്രം. വയറിംഗ് ജോലി മതിയാക്കി രാപകൽ ഉറക്കമില്ലാതെ അമ്മയെ പരിചരിക്കുന്ന ഈ മകന്റെ ഒരേയൊരു ആഗ്രഹം അമ്മ പഴയപോലെ എഴുന്നേറ്റു നടക്കണമെന്നാണ്. സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുമ്പോഴും എന്തെങ്കിലും വഴിയുണ്ടാകും എന്ന പ്രതീക്ഷയിലാണ് അരുൺകുമാർ. പശുവളർത്തലിലൂടെ ലഭിച്ച വരുമാനം കൊണ്ടാണ് സുധ മകളെ വിവാഹം ചെയ്ത് അയച്ചത്. മാസങ്ങൾക്ക് മുൻപ് നിനച്ചിരിക്കാതെ സുധയ്ക്ക് കഠിനമായ തലവേദന അനുഭവപ്പെട്ടു. മരുന്ന് കഴിച്ചിട്ടും കുറയാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ബ്രെയിൻ ട്യൂമറാണെന്ന് അറിയുന്നത്. ഇതിനിടെ രണ്ട് വട്ടം ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഓർമ്മ തിരിച്ച് കിട്ടിയെങ്കിലും ശരീരമാകെ തളർന്നു. എണീറ്റിരിക്കാനാകില്ല. എപ്പോഴും ഒരാളുടെ സഹായം കൂടിയേ തീരൂ. ചികിത്സയ്ക്ക് ഇതുവരെ മൂന്ന് ലക്ഷം രൂപ ചെലവായി എന്ന് അരുൺകുമാർ പറയുന്നു. നാട്ടുകാരുടെ സഹായവും വായ്പ വാങ്ങിയും സുധയ്ക്ക് ജീവനായിരുന്ന മൂന്ന് പശുക്കളെ വിറ്റുമാണ് ഇത്രയും തുക കണ്ടെത്തിയത്. ഇനിയും ഒരു ഓപ്പറേഷൻ കൂടി വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇനിയാരു സഹായിക്കുമെന്ന ചിന്തയാണ് അരുണിനെ അലട്ടുന്നത്. സർക്കാരിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും സുധയ്ക്ക് ലഭിച്ചിട്ടില്ല. ഐ.ബി. സതീഷ് എം.എൽ.എയെ ഇക്കാര്യം അറിയിച്ചെങ്കിലും കൊവിഡ് സാഹചര്യത്തിൽ ആനുകൂല്യം ലഭിക്കാൻ താമസമുണ്ടാകുമെന്നാണ് അറിയിച്ചത്. 5 സെന്റിലുള്ള വീട് ഉൾപ്പെട്ട സ്ഥലം പശുവളർത്തലിന് സുധ ബാങ്കിൽ പണയപ്പെടുത്തിയിരിക്കുകയാണ്. ഒരു പശു മാത്രമാണ് അവശേഷിക്കുന്നത്. മരുന്നിനും മറ്റ് ആവശ്യങ്ങൾക്കുമായി നല്ലൊരു തുക ദിവസേന വേണ്ടിവരുന്നുണ്ട്. അമ്മയുടെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗമില്ലാത്ത അവസ്ഥയിൽ സുമനസുകളുടെ സഹായം തേടുകയാണ് അരുൺകുമാർ. അരുൺകുമാർ.ജെ, ഫെഡറൽ ബാങ്ക് പേയാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 20390100019604, ഐ.എഫ്.എസ്.ഇ - FDRL0002039