fish

തിരുവനന്തപുരം: കൊവിഡ‌് വ്യാപനം നിയന്ത്രിക്കാൻ തീരക്കടൽ മത്സ്യബന്ധനം നിരോധിച്ചതോടെ സംസ്ഥാനത്ത് മീൻ കിട്ടാക്കനിയാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ് തീരദേശ മേഖലകളിൽ കൊവിഡ‌് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാന ഹാർബറുകളിൽ മത്സ്യബന്ധനം നിരോധിച്ചത്. തിരുവനന്തപുരം,​കൊല്ലം,​ആലപ്പുഴ,​കൊച്ചി,​ കാസർകോഡ് എന്നിവിടങ്ങളിലെല്ലാം മത്സ്യബന്ധനം നിറുത്തിവച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ പ്രധാന ഹാർബറുകളിലും നിയന്ത്രണങ്ങളുണ്ട്. ജൂൺ ആദ്യവാരം ട്രോളിംഗ് നിരോധനം ആരംഭിച്ചപ്പോൾ തന്നെ സംസ്ഥാനത്ത് ആവശ്യത്തിന് മത്സ്യം ലഭിക്കാതെയായിരുന്നു.

ഈ മാസം 31വരെയാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. നിരോധന കാലയളവിൽ ചെറുവള്ളങ്ങൾക്ക് മാത്രമാണ് കടലിൽ പോകാൻ അനുമതി. തിരുവനന്തപുരത്തെ പൂന്തുറയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് ചെറു ഫൈബർ വള്ളങ്ങൾക്ക് കടലിൽ പോകാൻ അനുമതി നൽകിയെങ്കിലും ആരും പോകുന്നില്ല. കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിൽ ട്രോളിംഗ് നിരോധനം കഴിഞ്ഞാലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങൾ തുടരും. പുറത്തുനിന്നും ആർക്കും തീരദേശത്ത് പ്രവേശിക്കാൻ കഴിയാത്ത രീതിയിൽ തീരമേഖല മുഴുവൻ ലോക്ക് ഡൗണിലാക്കുന്നതിനെ പറ്റിയും ഫിഷറീസ് വകുപ്പ് ആലോചിക്കുന്നുണ്ട്.

നിലവിൽ സംസ്ഥാനത്ത് ലഭിക്കുന്ന മത്സ്യത്തിന്റെ വലിയൊരു ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതാണ്. ആഴ്ചകളോളം പഴക്കമുള്ളതും രാസവസ്തുക്കൾ ചേർന്നതുമായ മത്സ്യമാണ് കൂടുതലായും അതിർത്തി കടന്നെത്തുന്നത്. ഏപ്രിൽ മാസം ആരംഭിച്ച 'ഓപ്പറേഷൻ സാഗർ റാണി' പരിശോധന വ്യാപകമാക്കിയതോടെ മായം കലർന്ന മത്സ്യത്തിന്റെ വരവ് കുറഞ്ഞിരുന്നു. എന്നാൽ ഇത് നി‌ർജ്ജീവമായതും സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞതും മറയാക്കി വീണ്ടും പഴകിയ മത്സ്യം കേരളത്തിലെത്തിതുടങ്ങിയിട്ടുണ്ട്.

മത്സ്യവിലയിലും വലിയ വർദ്ധനവാണ്. ട്രോളിംഗ് നിരോധനത്തിന് മുൻപുണ്ടായിരുന്ന വിലയുടെ ഇരട്ടി വിലയാണ് ഇപ്പോൾ ഈടാക്കുന്നത്. മത്തി,​ അയല,​ ചൂര,​ നത്തോലി തുടങ്ങിയ മീനുകളുടെ വില ഓരോ ദിവസവും മുന്നോട്ട് കുതിക്കുകയാണ്.