padmanabha

തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട അധികാരാവകാശ തർക്ക കേസിൽ സുപ്രീംകോടതി തിങ്കളാഴ്ച പുറപ്പെടുവിച്ച വിധി ക്ഷേത്ര വിശ്വാസികൾക്കും രാജകുടുംബത്തിനും ആഹ്ളാദത്തിനു വക നൽകുന്നതാണ്. മുൻസിഫ് കോടതിയിൽ തുടങ്ങി സുപ്രീംകോടതി വരെ നീണ്ട വ്യവഹാരങ്ങൾക്ക് ഇതോടെ അന്ത്യമാകുമെന്നു വേണം കരുതാൻ. ക്ഷേത്രത്തിന്റെ ഉടമസ്ഥത, നടത്തിപ്പ് അവകാശം തുടങ്ങിയ വിഷയങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിനുള്ള അധികാരാവകാശങ്ങൾ പൂർണമായും അംഗീകരിക്കുന്നതാണ് സുപ്രീംകോടതി വിധി.

രാജാക്കന്മാരുടെ കാലം കഴിഞ്ഞതിനാൽ ക്ഷേത്രം ഇപ്പോൾ പൊതുസ്വത്താണെന്നും അത് സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു 2011 ജനുവരി 31-ലെ ഹൈക്കോടതി വിധി. ഈ വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ ഹർജി അനുവദിച്ചുകൊണ്ടുള്ളതാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെ വിധി. തിരുവിതാംകൂറിലെ അവസാനത്തെ രാജാവായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ നിര്യാണത്തോടെ ക്ഷേത്രത്തിന്റെ മേലും അതിന്റെ സ്വത്തുക്കളുടെ മേലും രാജകുടുംബത്തിനുണ്ടായിരുന്ന അധികാരാവകാശങ്ങൾ ഇല്ലാതായിരിക്കുകയാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ക്ഷേത്രം സർക്കാർ ഏറ്റെടുത്ത് ഭരണ സംവിധാനത്തിന് പുതിയ ഏർപ്പാടുകൾ ഉണ്ടാക്കണമെന്നു നിർദ്ദേശിച്ചത്. എന്നാൽ രാജാവ് കഥാവശേഷനായാലും രാജകുടുംബത്തിനു ക്ഷേത്ര നടത്തിപ്പിലും ഉടമസ്ഥതയിലുമുള്ള അവകാശം ഇല്ലാതാകുന്നില്ലെന്നാണ് പരമോന്നത കോടതിയുടെ നിരീക്ഷണം. പഴയ തിരുവിതാംകൂറുകാരുടെ മാത്രമല്ല കേരളത്തിലെ വലിയൊരു വിഭാഗം ഹിന്ദുവിശ്വാസികളുടെ ആരാധനാകേന്ദ്രമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വ്യവഹാരങ്ങളിൽ നിന്ന് മുക്തമായതിൽ ക്ഷേത്ര വിശ്വാസികൾ നിശ്ചയമായും ആശ്വസിക്കുന്നുണ്ടാകും. നിലവിലുള്ള ദേവസ്വം ബോർഡുകൾ കൊണ്ടുതന്നെ പൊറുതിമുട്ടുന്ന സർക്കാരിനും അധിക ഭാരം തലയിലേറ്റേണ്ടിവരുന്ന സാഹചര്യം ഒഴിഞ്ഞുപോയതും ആശ്വാസകരം തന്നെ. ക്ഷേത്രവും ക്ഷേത്രഭരണവും വിശ്വാസികളുടേതു മാത്രമാകണമെന്ന സുപ്രധാന സന്ദേശം കൂടി ഉൾക്കൊള്ളുന്നതാണ് സുപ്രീംകോടതി വിധി.

ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബം മുന്നോട്ടുവച്ച വാദഗതികൾ ഒട്ടുമുക്കാലും പരമോന്നത കോടതി അംഗീകരിച്ചിട്ടുണ്ട്. ക്ഷേത്ര നിലവറകളിൽ സൂക്ഷിച്ചിട്ടുള്ള അമൂല്യമായ നിധിശേഖരങ്ങളിലോ ക്ഷേത്രം വക അളവറ്റ മറ്റു സ്വത്തുക്കളിലോ യാതൊരുവിധ അധികാരവും തങ്ങൾ ആവശ്യപ്പെടുന്നില്ലെന്ന് രാജകുടുംബം ആദ്യമേ വ്യക്തമാക്കിയിരുന്നു. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പിലുള്ള അവകാശം മാത്രമാണ് അവർ ആവശ്യപ്പെട്ടത്. കോടതി അത് അനുവദിക്കുകയും ചെയ്തു. ക്ഷേത്ര നടത്തിപ്പിനായി ഒരു സമിതി രൂപീകരിക്കണമെന്ന് വിധിന്യായത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഹിന്ദുമത വിശ്വാസികൾ മാത്രം അടങ്ങുന്നതാകണം സമിതി. പുതിയ സമിതി രൂപീകരിക്കുന്നതുവരെ ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ ഇപ്പോഴത്തെ സമിതിക്ക് അധികാരത്തിൽ തുടരാൻ അനുമതി നൽകിയിട്ടുണ്ട്.

ഏറെ വിവാദമായിരുന്ന 'ബി" നിലവറ തുറക്കുന്ന കാര്യത്തിൽ പുതിയ ഭരണസമിതിക്ക് തീരുമാനമെടുക്കാമെന്നാണ് പരമോന്നത കോടതി അഭിപ്രായപ്പെട്ടത്. ബി നിലവറ തുറക്കുന്നത് ക്ഷേത്രത്തിനും തങ്ങൾക്കും മാത്രമല്ല സംസ്ഥാനത്തിനാകെ അശുഭകരമാകുമെന്ന നിലപാട് പുലർത്തുന്ന രാജകുടുംബത്തിന് കോടതിയുടെ ഈ തീരുമാനം തിരിച്ചടിയാണ്. ക്ഷേത്രത്തിലെ നിലവറകൾ ഒന്നൊഴിയാതെ തുറന്ന് അവയ്ക്കുള്ളിൽ രണ്ടു നൂറ്റാണ്ടുകളായി സൂക്ഷിച്ചുവച്ചിരിക്കുന്ന അമൂല്യ നിധി സമ്പത്തുകൾ പുറത്തെടുത്ത് എണ്ണി തിട്ടപ്പെടുത്തി കണക്കു സൂക്ഷിക്കണമെന്ന് നേരത്തെ തന്നെ കോടതി നിർദ്ദേശിച്ചിരുന്നു. അതിനായി മുൻ സി.എ.ജി വിനോദ് റായി ഉൾപ്പെട്ട വിദഗ്ദ്ധ സമിതിയെയും നിയോഗിച്ചിരുന്നു. എന്നാൽ ബി നിലവറ തുറക്കുന്നതിനെതിരെ രാജകുടുംബം ശക്തമായ നിലപാടെടുത്തതോടെ അതു നടക്കാതെ പോയി. ക്ഷേത്രം വക അമൂല്യ നിധിശേഖരത്തിൽ പൗരാണികമായ എണ്ണിയാലൊടുങ്ങാത്ത ആഭരണങ്ങളും രത്നങ്ങളും മറ്റും ഉള്ളതിനാൽ അവയിൽ പ്രധാനപ്പെട്ടവ തിരഞ്ഞെടുത്തു പ്രദർശിപ്പിക്കാൻ ക്ഷേത്രപരിസരത്ത് ഒരു മ്യൂസിയം നിർമ്മിക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. അതിനുള്ള തുടർ നടപടികൾ ഉണ്ടാകുന്നതിനു മുൻപാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോയത്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം ഏറ്റെടുത്ത് എട്ടംഗ ഭരണസമിതിയെ ഏല്പിക്കണമെന്ന അഭിപ്രായമാണ് സംസ്ഥാന സർക്കാരിനുണ്ടായിരുന്നത്. എല്ലാ നിലയിലും ക്ഷേത്രത്തിന്റെ അധികാരികൾ രാജകുടുംബം തന്നെയാണെന്ന സുപ്രീംകോടതിവിധിയുടെ വെളിച്ചത്തിൽ സർക്കാരിന്റെ നീക്കങ്ങൾക്കു പ്രസക്തി ഇല്ലാതായിരിക്കുകയാണ്.

ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിയുടെ ഈ പുതിയ വിധി ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിച്ചേക്കാം. വിവിധ മതസ്ഥാപനങ്ങളുടെ ആരാധനാലയങ്ങളുടെ സ്വത്തുമായി ബന്ധപ്പെട്ട കേസുകളിൽ മാത്രമല്ല വിശ്വാസവുമായി ബന്ധപ്പെട്ട തർക്കങ്ങളിലും ഈ വിധി ഉയർന്നുവന്നേക്കാം.

രാജ്യത്തെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനമുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള അപാകതകളെച്ചൊല്ലി ഭക്തജനങ്ങൾക്കിടയിൽ അതൃപ്തിയും ആശങ്കയും വളരുന്നതിനിടയിലാണ് കാര്യങ്ങൾ കോടതിയിലെത്തിയത്. തർക്കത്തിന് അന്തിമവിധിയായതോടെ ക്ഷേത്രകാര്യങ്ങൾ കൂടുതൽ ചിട്ടയോടും ഭംഗിയോടും കൂടി നടക്കുമെന്നു കരുതാം. ക്ഷേത്രത്തിനു ചുറ്റും കേന്ദ്ര സഹായത്തോടെ മാസങ്ങളായി നടന്നുവരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. ക്ഷേത്രത്തിലെ നിധിശേഖരം പരസ്യമായതോടെ ഏർപ്പെടുത്തേണ്ടിവന്ന സായുധ കാവലിന്റെ വീർപ്പുമുട്ടലിലൂടെ വേണം ഭക്തർക്ക് തൊഴുതുമടങ്ങാൻ. ഹൈക്കോടതി നിർദ്ദേശിച്ചതുപോലെ നിധിശേഖരം മ്യൂസിയം നിർമ്മിച്ച് അതിലേക്കു മാറ്റുകയോ അതു സൂക്ഷിക്കാൻ മറ്റെന്തെങ്കിലും സുരക്ഷാ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യുന്നത് ഏറ്റവും ഉചിതമാകും. പുതുതായി നിലവിൽ വരുന്ന ക്ഷേത്ര ഭരണസമിതി ഈ വക കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതാണ്. നിധിശേഖരം ആർക്കും പ്രയോജനമില്ലാതെ ക്ഷേത്ര നിലവറയിൽ കല്പാന്തകാലം സൂക്ഷിക്കുന്നതിന്റെ ഫലശൂന്യതയും ബോദ്ധ്യപ്പെടണം.