covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിലും നാലു ജില്ലകളിൽ പി.സി.ആർ പരിശോധനയ്ക്ക് (സ്രവ) ലാബില്ല. കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ലാബില്ലാത്തത്. മറ്റു ജില്ലകളിലേക്കാണ് ഇവിടങ്ങളിൽ നിന്നുള്ള സാമ്പിളുകൾ അയയ്ക്കുന്നത്. ലാബുകളുള്ള ജില്ലകളിൽ പോലും ഒരുദിവസം പരിശോധിക്കാൻ കഴിയുന്നതിൽ കൂടുതൽ സാമ്പിളുകളാണ് എത്തുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ള സാമ്പിളുകളും എത്തുന്നതോടെ ഫലം ലഭിക്കാൻ ദിവസങ്ങൾ വേണ്ടിവരുന്നു.

തിരുവനന്തപുരത്ത് നാല് ലാബുണ്ട്. മെഡിക്കൽ കോളേജിലും ശ്രീചിത്രയിലുമാണ് ജില്ലയിലെ സാമ്പിളുകൾ പരിശോധിക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലും പബ്ലിക് ലാബിലും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സാമ്പിളുകളെത്തും. തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായതോടെ ദിവസേന ആയിരത്തോളം സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. പരിശോധന രണ്ട് ലാബുകളിൽ മാത്രമായതിനാൽ യഥാസമയം ഫലം ലഭിക്കുന്നില്ല. കൂടുതൽ രോഗികളെത്തുന്ന ജനറൽആശുപത്രിയിൽ പ്രതിസന്ധി രൂക്ഷമാണ്. തലസ്ഥാനത്തെ നാലു ലാബും ജില്ലയിലെ മാത്രം പരിശോധനകൾക്ക് ഉപയോഗിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ഇടുക്കിയിലെ പരിശോധന നടക്കുന്നത് കോട്ടയം തലപ്പാടിയിൽ എം.ജി യൂണിവേഴ്സിറ്റിക്കു കീഴിൽ സജ്ജമാക്കിയ ലാബിലാണ്. കോട്ടയത്തെ സാമ്പിളുകൾ മെഡിക്കൽ കോളേജിലും തലപ്പാടിയിലും പരിശോധിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഇടുക്കിയിലേതും. വയനാട് ജില്ലയിലെ പരിശോധനകൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. വയനാട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ രണ്ട് പി.സി.ആർ യന്ത്രങ്ങൾ വിട്ടുനൽകാമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും നടപടിയായില്ല. ഈ രണ്ട് യന്ത്രങ്ങൾ സുൽത്താൻ ബത്തേരി പബ്ലിക് ലാബിലോ മറ്റോ എത്തിച്ച് മറ്റു സൗകര്യങ്ങൾ കൂടി ഒരുക്കിയാൽ ജില്ലയിലെ പരിശോധന സുഗമമാക്കാനാകും. പാലക്കാട് മെഡിക്കൽ കോളേജിൽ പരിശോധനസംവിധാനമുണ്ടെങ്കിലും സാമ്പിളുകളുടെ എണ്ണം കൂടുതലായതിനാൽ തൃശൂർ മെഡിക്കൽ കോളേജിനെയും ആശ്രയിക്കുന്നു.

ഏകോപനമില്ല

പരിശോധനകൾ ഏകോപിപ്പിക്കാൻ സംസ്ഥാനതലത്തിൽ പ്രത്യേക സംവിധാനമില്ല. സാമ്പിളുകൾ ശേഖരിക്കുന്നതിനും ഫലങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും ഒരു നോഡൽ ഓഫീസറെയും അതോടൊപ്പം ഒരുടീമിനെയും സംസ്ഥാനതലത്തിലും ജില്ലകളിലും സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.

''ജില്ലകളിൽ ഒന്നിലധികം ലാബ് അത്യാവശ്യമാണ്. കൂടുതൽ സ്വകാര്യലാബുകൾക്കും അനുമതി നൽകണം. ഐ.എം.എ ജില്ലകളിൽ സർവേ ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ ലാബിന്‌ അനുമതി വാങ്ങിനൽകാൻ മുൻകൈയെടുക്കും.

- ഡോ.എബ്രഹാം വർഗീസ്,

ഐ.എം.എ സംസ്ഥാന പ്രസിഡന്റ്