udf-udf-

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ബന്ധമുണ്ടെന്ന് ആരോപിച്ച് സർക്കാരിനെതിരെ അവിശ്വാസപ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും കൊണ്ടുവരാൻ യു.ഡി.എഫ് തീരുമാനം. മുഖ്യമന്ത്രിക്കും സർക്കാരിനും മേൽ സമ്മർദ്ദം കടുപ്പിക്കുകയാണ് യു.ഡി.എഫ് തന്ത്രം. പ്രമേയങ്ങളുടെ വിശദാംശങ്ങൾ തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ യു.ഡി.എഫ് യോഗം ചുമതലപ്പെടുത്തി. മുഖ്യമന്ത്രി രാജിവയ്ക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് എൻ.ഐ.എ അന്വേഷിക്കുന്ന കേസിലെ മുഖ്യപ്രതിയുമായി ഒരു സ്പീക്കർ പലതരത്തിൽ ബന്ധപ്പെടുന്നത്. എൻ.ഐ.എ അന്വേഷിക്കുന്ന കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നീക്കങ്ങൾ നടന്നുവെന്നും കൺവീനർ പറഞ്ഞു.

ധനകാര്യബിൽ പാസാക്കാനായി ഈ മാസം അവസാനം നിയമസഭയുടെ ഏകദിനസമ്മേളനം ചേരാൻ നീക്കം നടക്കവെയാണ് പ്രതിപക്ഷത്തിന്റെ സമ്മർദ്ദതന്ത്രം. വിഷയം സഭയുടെ മുമ്പാകെയെത്തിയാൽ നടപടിക്രമങ്ങൾക്ക് രണ്ട് ദിവസമെടുക്കും. സ്പീക്കർക്കെതിരെ പ്രമേയത്തിന് 14 ദിവസം മുമ്പും സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന് മൂന്ന് ദിവസം മുമ്പുമാണ് നോട്ടീസ് നൽകേണ്ടത്. സമ്മേളനം ചേരുന്നതിൽ ഈയാഴ്ചത്തെ മന്ത്രിസഭായോഗം കൈക്കൊള്ളുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും തുടർനീക്കങ്ങൾ. പ്രതിപക്ഷപ്രമേയങ്ങളെത്തിയാൽ പുറത്തുന്നയിക്കുന്ന ആരോപണങ്ങൾ ശക്തമായി സഭയ്ക്കകത്ത് ഉയർത്താനും നിയമസഭാരേഖകളിൽ കൊണ്ടുവരാനുമാകും.

24ന് സത്യാഗ്രഹം, ആഗസ്റ്റ് 2ന് വെർച്വൽറാലി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭപരിപാടികൾ ആലോചിക്കാൻ ഇന്ന് ജില്ലാതല യു.ഡി.എഫ് യോഗങ്ങളും 17ന് നിയോജകമണ്ഡലം യോഗങ്ങളും ചേരും. 24ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലകളായി തിരിച്ച് എം.പിമാരും എം.എൽ.എമാരും സത്യാഗ്രഹമിരിക്കും. ആഗസ്റ്റ് 2ന് വെർച്വൽറാലി നടത്തും.

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാകും യു.ഡി.എഫ് സമരങ്ങളെന്നും ബെന്നി ബെഹനാൻ പറഞ്ഞു.