p-sreeramakrishnan

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ പി. ശ്രീരാമകൃഷ്ണനെയും ഉന്നമിട്ടതോടെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇടതുമുന്നണിക്കെതിരെ ഇതൊരു 'പ്രതിച്ഛായായുദ്ധ'മാക്കി മാറ്റാനൊരുങ്ങുകയാണ് പ്രതിപക്ഷം

സോളാർ വിവാദത്തെ ഇടതുപക്ഷം ആയുധമാക്കിയതുപോലെ തന്നെ തിരിച്ചടിക്കാനാണ് യു.ഡി.എഫ് ഒരുങ്ങുന്നതെന്ന്, സ്പീക്കർക്കെതിരെയും നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചതിലൂടെ വ്യക്തമായി.

ഈ മാസം അവസാനം ധനബിൽ പാസാക്കാൻ നിയമസഭാസമ്മേളനം വിളിക്കാനാലോചിക്കവെയാണ്, യു.ഡി.എഫിന്റെ പുതിയ തന്ത്രം. അതേസമയം സഭയ്ക്കകത്ത് വിഷയം കത്തിക്കാനുള്ള പ്രതിപക്ഷനീക്കത്തെ സർക്കാർ എങ്ങനെ പ്രതിരോധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സഭാസമ്മേളനം ചേരുന്നതിൽ അന്തിമതീരുമാനം നാളെ മന്ത്രിസഭായോഗമാണ് കൈക്കൊള്ളുക. ധനബില്ലിനായി മറ്റ് അജൻഡകളെല്ലാം മാറ്രിവച്ച് ചേരാനാണ് നേരത്തേയുണ്ടായ ആലോചനയെങ്കിലും അതിനപ്പുറം കടന്നുള്ള പ്രക്ഷോഭത്തിന് സഭാതലം വേദിയാകുമെന്നുറപ്പായിരിക്കുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവയ്ക്കുമോയെന്നും നാളെയറിയാം. സർക്കാരിനെതിരെ അവിശ്വാസപ്രമേയവും സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയവും കൊണ്ടുവരാനാണ് തീരുമാനമെങ്കിലും രണ്ടും ഒരുമിച്ച് കൊണ്ടുവരാനാകുമോയെന്ന് സംശയമാണ്. സ്പീക്കർക്കെതിരായ പ്രമേയത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണം. 29ന് സഭ ചേരാൻ നിശ്ചയിച്ചാലും സ്പീക്കർക്കെതിരായ പ്രമേയത്തിന് സമയം കിട്ടാനിടയില്ല. മന്ത്രിസഭ തീരുമാനിച്ച് തീയതി ഗവർണറോട് ശുപാർശ ചെയ്തശേഷം വിജ്ഞാപനമിറങ്ങണം. അതിന് രണ്ട് ദിവസമെടുക്കും. മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിലേക്ക് നീളുന്ന അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരെ എത്തുമോയെന്നാണ് പ്രതിപക്ഷം ഉറ്റുനോക്കുന്നത്.

പ്രതിരോധിക്കാൻ സി.പി.എം

സ്വർണക്കടത്ത് വിവാദത്തിലുണ്ടായ ക്ഷീണം മറികടക്കാൻ, കേന്ദ്രത്തോട് അന്വേഷണമാവശ്യപ്പെട്ടതടക്കം സർക്കാരെടുത്ത സുതാര്യസമീപനങ്ങൾ എടുത്തുകാട്ടിയുള്ള രാഷ്ട്രീയ വിശദീകരണയോഗങ്ങളിലേക്ക് സി.പി.എം കടന്നേക്കും. വരുന്ന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥമേധാവിത്വം വിനയായോയെന്ന സന്ദേഹവും പാർട്ടികേന്ദ്രങ്ങളിലുയരുന്നുണ്ട്. എന്നാൽ മുമ്പ് എം.വി. ജയരാജനെ നിയമിച്ചതിന് സമാനമായൊരു രാഷ്ട്രീയനിയമനം ഇപ്പോഴുണ്ടാകുമോയെന്ന് വ്യക്തമല്ല.

അച്യുതമേനോന്റെ കാലത്തും സമാന പ്രമേയം

സ്പീക്കർമാർക്കെതിരെ നേരത്തേ പ്രതിപക്ഷ പ്രമേയങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു വിവാദത്തിൽ നീക്കം ആദ്യമാണ്. 70കളിൽ അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് സ്പീക്കറായിരിക്കെ ലീഗ് നേതാവ് എം. മൊയ്തീൻകുട്ടി ഹാജി, കള്ളക്കടത്ത് കേസിൽ കോഫേപോസ പ്രകാരം തടവിലായ കല്ലട്ര ഹാജിയെ ജയിലിൽ കാണാൻ ചെന്നതാണ് ഇതിന് കുറച്ചെങ്കിലും സമാനം. അന്ന് വ്യക്തിബന്ധത്തിന്റെ പേരിൽ കണ്ടുവെന്ന മൊയ്തീൻകുട്ടിഹാജിയുടെ വിശദീകരണമുണ്ടായെങ്കിലും അത് രാഷ്ട്രീയകോളിളക്കമുണ്ടാക്കി. മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അദ്ദേഹം പിന്നീട് സ്പീക്കർസ്ഥാനമൊഴിഞ്ഞതിനാൽ വിവാദം നീണ്ടില്ല.

യു.എ.ഇ കോൺസുലേറ്റിലെ ജീവനക്കാരിയെന്ന വ്യക്തിബന്ധത്തിന്റെ പേരിൽ അവരുടെ അഭ്യർത്ഥനപ്രകാരം അവരുടെ സുഹൃത്തിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തുവെന്നാണ് ഇപ്പോഴത്തെ വിവാദത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വിശദീകരണം.