pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് വ്യാപനം അതി രൂക്ഷമായി. ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 1500 കടന്നു. ഇന്നലെ മാത്രം ജില്ലയിൽ 169 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നവരിൽ പലരുടെയും ഉറവിടങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല. രോഗം സ്ഥിരീകരിച്ചവരിൽ 160 പേർക്കും സമ്പർക്കത്തിലൂടെയാണ്.

നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി 907 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1524 ആയി. ഇന്നലെ ആശാരിപ്പള്ളം ആശുപത്രിയിൽ നിന്ന് 48 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ ജില്ലയിൽ രോഗ മുക്തി നേടിയവർ 607 പേർ. കുളച്ചലിൽ 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നാഗർകോവിൽ കോർപറേഷനിൽ ഇതുവരെ 214 പേർക്കാണ് രോഗം. കളിയിക്കാവിള ശ്രീലങ്കൻ അഗതി ക്യാമ്പിൽ ഇതുവരെ 74 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കുഴിത്തുറ, മാർത്താണ്ഡം, തക്കല എന്നീ സ്ഥലങ്ങളിലും രോഗികളുടെ എണ്ണം കൂടുകയാണ്. ഇന്നലെ ജില്ലയിൽ ഒരാൾ കൂടി മരിച്ചു. നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗണേശപുരം സ്വദേശിയായ വൃദ്ധനാണ് മരിച്ചത്. ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 10 പേർ.