തിരുവനന്തപുരം: തീവ്രവാദബന്ധമുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സ്വപ്നയും സന്ദീപും കസ്റ്റഡിയിലായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്കും കോൺസുലേറ്റിലേക്കും ഗൂഢാലോചന നടന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ലാറ്റിലേക്കുമെല്ലാം എൻ.ഐ.എ അന്വേഷണം നീളും. പിടിയിലായ മൂന്ന് പ്രതികളുമായും ബന്ധമുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിലേക്കും അന്വേഷണമെത്തും. ശിവശങ്കറിന്റെ ഓഫീസിലെ കാമറാദൃശ്യങ്ങൾ നൽകണമെന്ന് ചീഫ്സെക്രട്ടറിയോട് എൻ.ഐ.എ ആവശ്യപ്പെട്ടേക്കും. കടത്തിക്കൊണ്ടുവന്ന സ്വർണം ഹൈദരാബാദിലെ തീവ്രവാദസംഘടനയ്ക്ക് കൈമാറിയെന്നും ഇതിനായി കോൺസുലേറ്റിന്റെ വാഹനമുപയോഗിച്ചെന്നും എൻ.ഐ.എയ്ക്ക് വിവരം കിട്ടിയിട്ടുണ്ട്.
കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ യു.എ.ഇയിൽ നിന്ന് സ്വർണം അയച്ച ഫൈസൽ ഫരീദിനെ കണ്ടെത്തി പിടികൂടുകയെന്നതാണ് എൻ.ഐ.എയുടെ പ്രധാന ദൗത്യം. കാർഗോ അയയ്ക്കാൻ നൽകിയ രേഖകളും കണ്ടെടുക്കണം. ഇയാളെ യു.എ.ഇ സർക്കാർ കേരളത്തിലേക്ക് കയറ്റിവിടും. വിമാനത്താവളത്തിൽ എൻ.ഐ.എയ്ക്ക് അറസ്റ്റ് ചെയ്യാം. ഇയാളെ കിട്ടിയാലേ തീവ്രവാദബന്ധം തെളിയിക്കാനാവൂ.
സ്വർണക്കടത്തിനുപയോഗിച്ചത് ഡിപ്ലോമാറ്റിക് കാർഗോ അല്ലെന്നും ഉദ്യോഗസ്ഥന് വ്യക്തിപരമായി വന്ന പാഴ്സലാണെന്നുമാണ് യു.എ.ഇ എംബസിയുടെ വാദമെങ്കിലും വിമാനത്താവളത്തിലെത്തിയ കാർഗോയുടെ എയർവേ ബില്ലിൽ ഡിപ്ലോമാറ്റ് ബാഗേജ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. യു.എ.ഇയുടെ ഔദ്യോഗിക സീലും ഡിപ്ലോമാറ്റിക് ബാഗെന്ന സ്റ്റിക്കറുമുണ്ടായിരുന്നു. കഴിഞ്ഞ ജൂൺ 30ന് ഫൈസൽ ഫരീദ്, പി.ഒ ബോക്സ് 31456, വില്ല-നമ്പർ 5, അൽറാഷിദ, ദുബായ് എന്ന മേൽവിലാസത്തിൽ നിന്നാണ് യു.എ.ഇ കോൺസുലേറ്റ് ജനറൽ റഷീദ് ഖമീസ് അലി മുസൈയ്ഖരി അൽ-ഷമീരിയുടെ പേരിലേക്ക് കാർഗോ അയച്ചത്. ഏതാനും മാസങ്ങൾക്കിടെ എട്ടുതവണ ഇത്തരത്തിൽ സ്വർണം കടത്തിയെന്നാണ് പ്രതിയായ സരിത്തിന്റെ മൊഴി.
5അന്വേഷണ ഘട്ടങ്ങൾ
വ്യാജരേഖകൾ
സ്വർണം കടത്താനുപയോഗിച്ചതെന്ന് കരുതുന്ന, ആറ് ബാഗുകൾ, ഓവനുകൾ, മോട്ടോറുകൾ, ബെൽറ്റുകൾ എന്നിവ സന്ദീപിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. യു.എ.ഇയുടെ ഔദ്യോഗിക മുദ്രയും രേഖകളും ബാഗുകളിലുണ്ട്. ഇവ വ്യാജമായി നിർമ്മിച്ചതെവിടെയെന്നതടക്കം കണ്ടെത്തണം. എട്ടുതവണയായി നൂറുകോടിയുടെ സ്വർണം കടത്തിയെന്നാണ് മൊഴികൾ. നയതന്ത്ര ചാനലിലൂടെയല്ലാതെയും സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഗ്രീൻചാനൽ
സർക്കാരിനുള്ള ഗ്രീൻചാനൽ ദുരുപയോഗിച്ച് വിദേശപ്രതിനിധികളെ ഉപയോഗിച്ച് സ്വർണംകടത്തിയതും അന്വേഷണത്തിലാണ്. ഐ.ടി വകുപ്പിന്റെ ഹാഷ് ഫ്യൂച്ചർ, കൊച്ചി ഡിസൈൻ വീക്ക്, ആഗോള ബഹിരാകാശ ഉച്ചകോടി എന്നീ പരിപാടികളിലെത്തിയവരുടെ വീഡിയോ, ഗ്രീൻചാനലുപയോഗിച്ചവരുടെ ദൃശ്യങ്ങൾ എന്നിവ ശേഖരിച്ചു. മൂന്ന് പരിപാടികളിലും പ്രതിനിധികളെ സ്വീകരിച്ചത് സ്വപ്നയാണ്.
വിദേശയാത്രകൾ
സ്വപ്നയ്ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും സർക്കാരിന്റെ ഭാഗമായ പ്രമുഖനും നടത്തിയ വിദേശയാത്രകളും സംശയമുനയിലാണ്. ഇക്കൊല്ലം അഞ്ചുതവണ സ്വപ്ന വിദേശത്തുപോയി. ലോക്ക്ഡൗണിന് തൊട്ടുമുൻപ് ഉന്നത ഉദ്യോഗസ്ഥനുമായി ദുബായിൽപോയി. ഉന്നതരുമൊത്തുള്ള യാത്രയിലും സ്വർണംകടത്തിയിട്ടുണ്ടെന്നാണ് നിഗമനം.
തീവ്രവാദം
സ്വർണക്കടത്തിലെ തീവ്രവാദബന്ധം എൻ.ഐ.എ ഉറപ്പിച്ചിട്ടുണ്ട്. മലയാളികളുൾപ്പെട്ട ഹൈദരാബാദിലെ തീവ്രവാദ സംഘടനകളിലേക്കാണ് അന്വേഷണം നീളുന്നത്. വിമാനത്താവളത്തിൽ പിടിച്ച ഡിപ്ലോമാറ്റ് ബാഗിൽ നിന്ന് ഇതിന്റെ സൂചന കിട്ടിയിട്ടുണ്ട്. കേരളത്തിലേക്കുള്ള സ്വർണക്കടത്തിൽ പാകിസ്ഥാൻപൗരൻ നദീമിന്റെ പങ്കാളിത്തം നേരത്തേ ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്. ദുബായിലെ കോസ്മെറ്റിക്സ് വ്യാപാരിയായ നദീമിനെ കണ്ടെത്തണം.
കോൺസുലേറ്റ്
കോൺസുലേറ്റ് ജനറൽ രാജ്യത്തില്ലാത്തപ്പോൾ, ചില ഉദ്യോഗസ്ഥർ പദവികൾ ദുരുപയോഗിച്ചെന്ന സൂചനയുണ്ട്. കോൺസുൽ അറ്റാഷെ ജമാൽ ഹുസൈൻ റഹ്മാഹുസൈൻ അൽ-സഅബിയുടെ നിർദ്ദേശപ്രകാരമാണ് കാർഗോ വിട്ടുകിട്ടാൻ കസ്റ്റംസ് അസി.കമ്മിഷണറെ വിളിച്ചതെന്നാണ് സ്വപ്‌നയുടെ മൊഴി. നയതന്ത്രപ്രതിനിധികളെയും കോൺസുലേറ്റ് ജീവനക്കാരെയും ചോദ്യംചെയ്യും.