aanappettiroad

വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിൽ നിന്നും കൊല്ലോട്ടുപാറ വഴി ആനപ്പെട്ടിയിലേക്കുള്ള റോഡിന് ഒടുവിൽ ശാപമോക്ഷമാകുന്നു. റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നാളിതുവരെ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. മിക്ക ഭാഗത്തും മെറ്റൽ ഇളകി തെറിച്ച് മൺപാതയായി മാറിയതിനാൽ ഇതുവഴിയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. കാൽനടയാത്രക്കാർക്ക് പോലും സഞ്ചാരം എളുപ്പമല്ല. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ വിവിധ സ്കൂളിലെത്താൻ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. അനവധി അപകടങ്ങൾ അരങ്ങേറിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.റോഡിന്റെ ശോച്ചനീയാവസ്ഥ ചൂണ്ടിക്കാട്ടി കേരള കൗമുദി വിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവും തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസും റോഡ് സന്ദർശിക്കുകയും ടാറിംഗ് നടത്താൻ ഫണ്ട് അനുവദിക്കുകയുമായിരുന്നു.

റോഡിൻെറ മിക്ക ഭാഗത്തും ഒാടകൾ നിർമ്മിച്ചിട്ടില്ല.കൈയ്യേറ്റം നിമിത്തം റോഡിൻെറ വീതി ഗണ്യമായി കുറഞ്ഞു. മഴയത്ത് ചെളിയും,മണ്ണും,കല്ലും ചെളിയും ഒലിച്ചിറങ്ങി റോഡ് വികൃതമായി മാറുക പതിവാണ്.

കുഴിയെടുത്ത് കുളമാക്കി

ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ഭാഗമായി റോഡരികുകൾ വെട്ടിപൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചത് റോഡിന്റെ തകർച്ചക്ക് ആക്കം കൂട്ടി. കുടിവെള്ളപദ്ധതിക്കായി റോഡരികുകൾ കുഴിച്ചെങ്കിലും വേണ്ടവിധം മൂടാതെയാണ് കരാറുകാരൻ സ്ഥലം വിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.പ്രശ്നം കരാറുകാരെ അറിയിച്ചപ്പോൾ ശരിയാക്കിതരാം എന്ന വാഗ്ദാനം നടത്തിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് തോട്ടുമുക്ക്,പത്തേക്കർ,ആനപ്പെട്ടി നിവാസികൾ പറയുന്നു.

ജില്ലാ പഞ്ചായത്ത് അനുവദിച്ചത്-15 ലക്ഷം

തൊളിക്കോട് പഞ്ചായത്ത് അനുവദിച്ചത്-12 ലക്ഷം

തോട്ടുമുക്ക്-ആനപ്പെട്ടി റോഡിനോട് ചേർന്ന് കിടക്കുന്ന ചെറു റോഡായ തോട്ടുമുക്ക് കന്നുകാലി വനം റോഡും ഇതോടൊപ്പം ടാറിംഗ് നടത്തും- എം.പി.. സജിത തൊളിക്കോട് പഞ്ചായത്ത് മെമ്പർ

നിർമ്മാണോദ്ഘാടനം നടത്തി

തോട്ടുമുക്ക്-കൊല്ലോട്ടുപാറ-ആനപ്പെട്ടി റോഡിന്റെയുംകന്നുകാലിവനം തോട്ടുമുക്ക് റോഡിന്റെയും നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെ.വേലപ്പൻ,തോട്ടുമുക്ക് അൻസർ,തോട്ടുമുക്ക് വാർഡ്മെമ്പർ എം.പി.സജിത,തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സി.വിജയൻ,പഞ്ചായത്തംഗങ്ങളായ ബി.ബിജു,രതികല,ബിനിതമോൾ എന്നിവർ പങ്കെടുത്തു.