പാലോട്: നന്ദിയോട് - ആനാട് കുടിവെള്ള പദ്ധതി അട്ടിമറിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ ശക്തമായ സമരപരിപാടി ആരംഭിക്കുകയാണെന്ന് സമരസമിതി ചെയർമാൻ ആനാട് ജയനും, കൺവീനർ പി.എസ് ബാജി ലാലും പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 60 കോടി രൂപ ചെലവിൽ ആരംഭിച്ച പദ്ധതി നാല് വർഷം കഴിഞ്ഞിട്ടും നിശ്ചലമാണ്. രണ്ടു പഞ്ചായത്തുകളുടെയും പദ്ധതി വിഹിതത്തിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങി വാട്ടർ അതോറിട്ടിക്ക് നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെതിരെ ബഹുജനങ്ങളെ ഉൾപ്പെടുത്തി നാളെ നന്ദിയോട് - ആനാട് പഞ്ചായത്തുകളിലെ മുപ്പത് കേന്ദ്രങ്ങളിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. രാവിലെ 10ന് പാലോട് ആശുപത്രി ജംഗ്ഷനിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.