street

കിളിമാനൂർ: ഒന്നു ശരിയാക്കുമ്പോൾ മറ്റൊന്ന് നശിക്കും. ഇതാണ് കിളിമാനൂരിലെ തെരുവ് വിളക്കുകളുടെ ഇന്നത്തെ അവസ്ഥ. കോടികൾ മുടക്കി സുരക്ഷാ ഇടനാഴി പദ്ധതി പ്രകാരം റോഡ് വികസനം നടക്കുമ്പോഴാണ് കിളിമാനൂർ ജംഗ്ഷനിലെ വഴിവിളക്കുകൾ വഴിമുടക്കികളാകുന്നത്. റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ലൈറ്റുകളും കത്തുന്നില്ല. രാത്രികാലങ്ങളിലും പുലർച്ചയും ജംഗ്ഷനിലൂടെ കടന്നുപോകുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കാൽനട യാത്രികരും ഏറെ ബുദ്ധിമുട്ടിലാണ്. അപകടങ്ങളും തുടർക്കഥയായിട്ടും വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ മാത്രം എങ്ങും എത്തുന്നില്ല.

റോഡ് സുരക്ഷയ്ക്കായി സംസ്ഥാന പാതയ്ക്ക് സമീപത്ത് കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചിരുന്നങ്കിലും ഭൂരിഭാഗവും മിഴിയടച്ച അവസ്ഥയാണ്. നിരവധി സ്ഥലങ്ങളിലെ ലൈറ്റ് പോസ്റ്റുകൾ വാഹനങ്ങളും ഇടിച്ചു തകർത്തു. ഇതിലെ റീ ചാർജബിൾ ബാറ്ററി കടത്തിക്കൊണ്ടു പോകുകയും ചെയ്തു.

സുരക്ഷ ഇല്ലാത്ത ഇടനാഴി

കഴക്കൂട്ടം മുതൽ അടൂർ വരെ സുരക്ഷാ ഇടനാഴി പദ്ധതി പ്രകാരം നടപ്പാതയും സംരക്ഷണ ഭിത്തിയും നിർമ്മിച്ചുവരികയാണ്. മിക്കയിടത്തും ഓടകൾക്ക് മേലെ സ്ലാബില്ലാതെയും കുഴിയെടുത്തുമൊക്കെ കിടക്കുന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. വെളിച്ചമില്ലാതെ ഇരുചക്ര വാഹനങ്ങളുൾപ്പടെ രാത്രികാലങ്ങളിൽ അപകടത്തിൽപ്പെടുന്നു. ജോലിക്ക് പോകുന്നതിനായി കെ.എസ്.ആർ.ടി.സി സ്റ്രാൻഡിൽ ഉൾപ്പടെ എത്തുന്ന യാത്രക്കാർ തെരുവുനായ്ക്കളുടെ മുന്നിൽപ്പെടുന്നതും പതിവ് സംഭവമാണ്. രാത്രിയിലും അതി രാവിലെയും കിളിമാനൂരിൽ എത്തുന്നവർ കൈയിൽ ഒരു ചൂട്ടോ, ലൈറ്റോ കരുതണമെന്നാണ് നാട്ടുകാർ പറയുന്നത്.

........................................

കേടായ ലൈറ്റുകൾ ശരിയാക്കാനും പുതിയത് സ്ഥാപിക്കാനും പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സർക്കാർ ഏജൻസിയെ ഏൽപ്പിച്ച് ഉടൻ ലൈറ്റുകൾ സ്ഥാപിക്കും.​ - കെ.രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്