bridge
Bridge

ഫോർട്ടുകൊച്ചി: സമരങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല. ഏതു നിമിഷവും നിലം പൊത്താറായി ഫോട്ടുകൊച്ചി ചുങ്കം പാലം. 83 വർഷം പഴക്കമുള്ള പാലത്തിന്റെ തൂണുകളെല്ലാം ദ്രവിച്ച് ഇരുമ്പ് കമ്പികളെല്ലാം പുറത്തേക്ക് വന്ന നിലയിലാണ്. കൈവരികളെല്ലാം ഇടിഞ്ഞു വീഴാറായി. പാലത്തിലൂടെ വലിയ ചരക്കു വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതായും പരാതിയുണ്ട്.1937ൽ ബ്രിട്ടീഷുകാർ യുദ്ധകാലടിസ്ഥാനത്തിലാണ് ചുങ്കം പാലം നിർമ്മിച്ചത്. കൽവത്തി റോഡും മട്ടാഞ്ചേരി ബസാർ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം കൊച്ചിയുടെ ചരക്ക് നീക്കത്തിന് വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

മട്ടാഞ്ചേരി ബസാറിലേക്കുള്ള ചരക്കു വാഹനങ്ങളെല്ലാം ചുങ്കം പാലം വഴിയാണ് പോവുന്നത്. ദിനംപ്രതി നൂറിലധികം ചരക്കു വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോയിരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വാഹനങ്ങൾ കുറവാണ്. നിയന്ത്രണങ്ങൾ നീക്കുന്നത്തോടെ കൂടുതൽ വാഹനങ്ങൾ എത്തുമെന്നത് അപകടത്തിന് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്തോടെ റോഡിലെ കുഴികളിൽ ടാറിംഗ് നടത്തിയല്ലാതെ മറ്റു അറ്റകുറ്റപണികളൊന്നും നടന്നിട്ടില്ല.

"പാലത്തിന്റെ ശോചനീയാവസ്ഥ അധികൃതർ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. നിരവധി മോഹന വാഗ്ദാനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാവുന്നില്ല.

കൊവിഡ് ഭീതിയിൽ പാലത്തിന്റെ നിലവിലെ അവസ്ഥ അധികൃതർ കാണാതെ പോകരുത്. ഈ സ്ഥിതി തുടർന്നാൽ പാലം ഉടനെ നിലംപൊത്തും."

കെ.എ മുജീബ് റഹ്മാൻ

സാമൂഹ്യ പ്രവർത്തകൻ