തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ സ്പീക്കർമാരെ നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം വരുന്നത് ഇത് അഞ്ചാം തവണ. ഇതിൽ 1982ലെ കാസ്റ്റിംഗ് മന്ത്രിസഭയുടെ കാലത്തും 2004ൽ എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്തും മാത്രമേ ചർച്ച നടന്നുള്ളൂ. കാസ്റ്റിംഗ് മന്ത്രിസഭയുടെ കാലത്ത് സ്പീക്കറായിരുന്ന എ.സി. ജോസിനെതിരെ പ്രമേയം നൽകി സംസാരിച്ചത് ഇന്നത്തെ എൻ.സി.പി മന്ത്രിയായ എ.കെ. ശശീന്ദ്രൻ. 2004ൽ സ്പീക്കർ വക്കം പുരുഷോത്തമനെതിരെ പ്രമേയം നൽകി സംസാരിച്ചത് ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും അന്നത്തെ നിയമസഭാകക്ഷി ഉപനേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണനാണ്.
സർക്കാരിന് വേണ്ടി കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തിയ സ്പീക്കറുടെ നിഷ്പക്ഷതയെയാണ് അന്ന് പ്രതിപക്ഷം ചോദ്യം ചെയ്തത്. കക്ഷിനില 70- 70 ആണന്ന്. സ്പീക്കറുടെ വോട്ടോടെയാണ് ഭരണകക്ഷി നിയമസഭയിൽ പല വോട്ടെടുപ്പുകളെയും അതിജീവിച്ചത്. സ്പീക്കർക്കെതിരായ പ്രമേയത്തിന്റെ ചർച്ചയ്ക്കൊടുവിൽ അന്ന് ഭരണകക്ഷിയംഗങ്ങൾ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന് 71 എന്ന ഭൂരിപക്ഷത്തിലെത്താനാവാതെ പരാജയപ്പെട്ടു. സർക്കാരിനെതിരായ അവിശ്വാസപ്രമേയം 16 തവണ നിയമസഭയിലെത്തിയിട്ടുണ്ട്. 2005ൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്നതാണ് ഒടുവിലത്തേത്. 1964ൽ ആർ. ശങ്കർ മന്ത്രിസഭയ്ക്കെതിരെ പി.കെ. കുഞ്ഞിന്റെ അവിശ്വാസപ്രമേയം സഭയിൽ പാസായതും മറ്റൊരു ചരിത്രം.
സ്പീക്കർക്കെതിരെയുള്ള പ്രമേയങ്ങൾ
1967- 69 കാലത്ത് സ്പീക്കറായിരുന്ന ഡി. ദാമോദരൻ പോറ്റിക്കെതിരെ പ്രമേയമെത്തിയത് ഭരണകക്ഷിയിൽ നിന്നാണ്. സി.പി.എം അംഗമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ പ്രമേയം ഭരണമുന്നണിയിൽ നിന്നുതന്നെയുള്ള അനുനയനീക്കങ്ങൾക്കൊടുവിൽ സ്വയം പിൻവലിക്കപ്പെട്ടു.
സ്പീക്കർ ഏകപക്ഷീയമായി പെരുമാറുന്നുവെന്നാരോപിച്ച് 1982 ൽ നായനാർ മന്ത്രിസഭയുണ്ടായ കാലത്ത് സ്പീക്കറായിരുന്ന എ.പി. കുര്യനെതിരെ പ്രതിപക്ഷപ്രമേയം വന്നു. നായനാർ മന്ത്രിസഭ തകർന്ന സമയം. 1982 ഫെബ്രുവരി 1ന് കുര്യൻ സ്വമേധയാ രാജിവച്ചൊഴിഞ്ഞതോടെ പ്രമേയത്തിന് സ്വാഭാവികാന്ത്യമുണ്ടായി.
1987ൽ സ്പീക്കർ വർക്കല രാധാകൃഷ്ണനെതിരെ നിഷ്പക്ഷത ചോദ്യം ചെയ്ത് കോൺഗ്രസിലെ എം.എം. ഹസൻ പ്രമേയവുമായെത്തി. അസൗകര്യം കാരണം പ്രമേയാവതരണ ദിവസം പ്രതിപക്ഷം മറ്റൊരു ദിവസത്തേക്ക് അവധി ചോദിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല. പ്രതിപക്ഷനേതാവ് കെ.കരുണാകരന്റെ നേതൃത്വത്തിൽ ഇറങ്ങിപ്പോയാണ് അന്ന് പ്രതിഷേധിച്ചത്.
സ്പീക്കറായിരിക്കെ വക്കം പുരുഷോത്തമൻ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് രാഷ്ട്രീയപ്രസംഗം നടത്തിയെന്നാരോപിച്ചാണ് 2004ൽ പ്രമേയം കോടിയേരി കൊണ്ടുവന്നത്. അതും ചർച്ചയ്ക്കൊടുവിൽ തള്ളപ്പെട്ടു.