uthradom-thirunal-marthan

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അധികാരാവകാശങ്ങളെച്ചൊല്ലി കഴിഞ്ഞ 13 വർഷമായി തുടർന്ന തർക്കങ്ങൾക്കാണ് ഇന്നലെ സുപ്രീം കോടതി വിധിയോടെ പരിസമാപ്തിയായത്.

രാജകുടുംബത്തിന്റെ അധികാരാവകാശത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ അഭിഭാഷകനായ സൗന്ദരരാജനും, ഹൈക്കോടതിയുടെ പ്രതികൂല വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയും മൺമറഞ്ഞ ശേഷമാണ് ഇപ്പോൾ അന്തിമ വിധി വന്നത്.

തർക്കത്തിന്റെ

തുടക്കം

* ക്ഷേത്രത്തിലെ നിലവറകൾ തുറന്ന് സ്വർണ, വെള്ളി ആഭരണങ്ങളുടെ ഫോട്ടോയെടുക്കാനുള്ള ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ 2007 ആഗസ്റ്റ് 2 ലെ തീരുമാനത്തിനെതിരെ രണ്ട് ഭക്തർ തിരുവനന്തപുരം സബ് കോടതിയിൽ.

* ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അധികാരാവകാശത്തിനെതിരെ അഭിഭാഷകനായ സൗന്ദരരാജൻ ഹൈക്കോടതിയിൽ.

*രാജുകുടുംബത്തിന് ക്ഷേത്രത്തിൽ യാതൊരു അവകാശവുമില്ലെന്ന് 2007ൽ സബ് കോടതി വിധി. ഇതിനെതിരെ രാജകുടുംബം ഹൈക്കോടതിയിൽ.

* ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി ഭരണം നടത്താൻ ട്രസ്റ്റോ മറ്റേതെങ്കിലും സംവിധാനമോ മൂന്ന് മാസത്തിനകം ഉണ്ടാക്കണമെന്ന് 2011 ജനുവരി 31 ന്ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. നിലവറകൾ തുറന്ന് പരിശോധന നടത്താനും സർക്കാരിന് നിർദ്ദേശം.

* ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ സുപ്രീംകോടതിൽ .

*സുപ്രീംകോടതി നിർദ്ദേശ പ്രകാരം നിലവറയിലെ അമൂല്യ വസ്തുക്കളുടെ വിവര ശേഖരണം. ഒടുവിൽ വിധി.

രാജകുടുംബത്തിന്റെ

വാദം

*ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠയ്ക്ക് (വിഗ്രഹത്തിന്) അവകാശപ്പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശം വേണം.

*ഇത് പൊതുക്ഷേത്രമാണ്. ഇന്ത്യൻ യൂണിയനിൽ തിരുവിതാംകൂർ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ പദ്മനാഭസ്വാമിക്ഷേത്രവും രാജകുടുംബവും തമ്മിലുള്ള ബന്ധം വിശദീകരിച്ചിട്ടുണ്ട്.

*കവനന്റിന്റെ അടിസ്ഥാനത്തിലാണ് 1950 ലെ ട്രാവൻകൂർ കൊച്ചി ഹിന്ദു ആരാധനാലയ നിയമം നിലവിൽ വന്നത്. ദേവസ്വം ബോർഡിന്റെ അധികാര നിയന്ത്രണത്തിൽ പദ്മനാഭസ്വാമി ക്ഷേത്രത്തെ ഉൾപ്പെടുത്തിയിട്ടില്ല.

സർക്കാർ വാദം

*പൊതുക്ഷേത്രമായ ശബരിമലയ്‌ക്കൊപ്പം പദ്മനാഭസ്വാമി ക്ഷേത്രത്തിനും പ്രത്യേക നിയമവും ഭരണസംവിധാനവുമുണ്ടാകണം.

*രണ്ടിടത്തും ഗുരുവായൂർ മാതൃകയിലെ ഭരണസംവിധാനമാണ് ഉദ്ദേശിക്കുന്നത്.

*ചെയർമാൻ ഉൾപ്പെടെ ഒമ്പതംഗ ഭരണസമിതിയാണ് ഗുരുവായൂരിൽ.

*രാജകുടുംബാംഗം, ക്ഷേത്രതന്ത്രി, എക്സിക്യുട്ടീവ് ഓഫീസർ എന്നിവരും സർക്കാർ നാമനിർദേശം ചെയ്യുന്ന അഞ്ചുപേരുമടങ്ങുന്ന സമിതി ഇവിടെയും വേണം