padmanabha

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടുബത്തിന്റെ അധികാരം ഉറപ്പിക്കുന്ന സുപ്രീം കോടതി വിധി സംസ്ഥാനത്തെ ഇടതു സർക്കാരിന് രാഷ്ട്രീയ തിരിച്ചടിയായി.

കേസിന്റെ നിയമ പ്രശ്നങ്ങളും പശ്ചാത്തലവും രാജകുടുബത്തിന് എതിരായിരുന്നിട്ടും അനുകൂല വിധി നേടിയെടുക്കാൻ കഴിഞ്ഞതിന് ക്ഷേത്ര ഭരണത്തിൽ സർക്കാരിന്റെ പിടിപ്പുകേടിലും ഇടപെടലുകളിലുമുള്ല അതൃപ്തിയും കാരണമായിട്ടുണ്ട്. ശബരിമല പ്രശ്നത്തിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അധികാരത്തർക്കത്തിലും സർക്കാരിനെ ആക്രമിക്കാൻ ബി.ജെ.പി ക്ക് ആയുധം പകരുന്നതാണ് വിധി.

അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും, ക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും മറ്റും കാണാതായത് സംബന്ധിച്ച വിനോദ് റായിയുടെ റിപ്പോർട്ടും രാജകുടുബത്തിന് പ്രതികൂലമായിരുന്നു. . കേന്ദ്ര സർക്കാരിന്റെ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലാണ് നേരത്തേ ഈ കേസിൽ രാജകുടുംബത്തിന് വേണ്ടി ഹാജരായിരുന്നത്. കേരള സർക്കാർ വിശ്വാസികൾക്കെതിരാണെന്ന പ്രതീതി സൃഷ്ടിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിലെ പ്രമുഖരും ചരടുവലികൾ നടത്തി.

അതേ സമയം,തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ വിശ്വാസികളെ പിണക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ. സുപ്രീംകോടതി വിധിക്കെതിരെ പുന: പരിശോധന ഹർജി വേണ്ടെന്ന തീരുമാനം ഈ സാഹചര്യത്തിലാണ്.