തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രഭ രണത്തിൽ രാജകുടുംബത്തിന്റെ അധികാരം സ്ഥാപിക്കുന്നതിനൊപ്പം,ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചെലവ് ക്ഷേത്രം സ്വയം വഹിക്കണമെന്ന സുപ്രീംകോടതി വിധി ക്ഷേത്രത്തിനുണ്ടാക്കുന്നത് വൻ ബാദ്ധ്യത. സർക്കാർ ചെലവഴിച്ച തുക തിരിച്ചുനൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട് .
ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനമൊരുക്കാനും മറ്റുമായി 2012 മുതൽ 2019 വരെ 11 കോടി 70ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഇത് തിരിച്ചു നൽകണം. ക്ഷേത്രത്തിലെ നിലവറകളിലെ കോടിക്കണക്കിന് രൂപയുടെ അമൂല്യ വസ്തുക്കൾക്ക് കാവൽ നിൽക്കുന്ന സുരക്ഷാ ജീവനക്കാർക്കുള്ള ചെലവും വഹിക്കണം. ഇപ്പോൾ രാജകുടുബത്തിന്റെ നിയന്ത്രണത്തിലുള്ള കല്യാണമണ്ഡപങ്ങളിൽ നിന്നും മറ്റും വരുമാനം കിട്ടുന്നുണ്ട്. ഇത് ഉപയോഗിച്ചാലും ക്ഷേത്രചെലവുകൾക്ക് കൂടുതൽ തുക കണ്ടെത്തേണ്ടി വരും.