കോവളം: വിഴിഞ്ഞം പി.എച്ച്.സി യുടെ കീഴിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കൊവിഡ് പരിശോധനകളിൽ 39 പേരുടെ ഫലം പോസിറ്റീവായി. ഇതു വരെ 300 പേരുടെ സ്രവ പരിശോധകളാണ് നടത്തിയത്. ഇന്നല മാത്രം 7 പോസിറ്റീവ് കേസുകളുണ്ടായി. മുക്കോല സ്വദേശിയും ആട്ടോഡ്രൈവറുമായ 40കാരന് രോഗം കണ്ടെത്തിയത് കൂടുതൽ സ്ഥലങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന്റെ തെളിവാണെന്നാണ് വിലയിരുത്തൽ. വിഴിഞ്ഞം തുറമുഖത്തെ സ്റ്റാന്റിൽ ഇയാളോടൊപ്പമുള്ള മറ്റ് അൻപതോളം ആട്ടോ ഡ്രൈവർമാരെയും പരിശോധനയ്ക്ക് വിധേയമാക്കി. ഫലം പോസിറ്റീവായ ചിലർ വെങ്ങാനൂരിലെ ഒരു സ്വാകാര്യ ആശുപത്രിയിൽ എത്തിയിരുന്നെന്ന് കണ്ടെത്തിയതോടെ ഇവിടത്തെ ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലായി. രോഗബാധയ്ക്ക് ശമനമില്ലാത്തതിനാൽ കൂടുതൽ പരിശോധന നടത്താനും തീവ്രമായി രോഗം ബാധിച്ചവരെ നഗത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റുമെന്നും അല്ലാത്തവരെ കോവളം വെള്ളാറിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്ക് മാറ്റാനും തീരുമാനിച്ചതായി അധികൃതർ പറഞ്ഞു.