തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിന് കീഴിലുള്ള പ്രോജക്ടിൽ നിയമനം ലഭിച്ചതിലെ ശരി തെറ്റുകൾ അന്വേഷിക്കാൻ ചീഫ്സെക്രട്ടറി ഡോ.വിശ്വാസ് മേത്തയെയും ധനകാര്യ അഡിഷണൽ ചീഫ്സെക്രട്ടറി രാജേഷ് കുമാർ സിംഗിനെയും ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന് വീഴ്ചയുണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ നടപടിയുണ്ടാവും. പ്രശ്നങ്ങൾ തെളിഞ്ഞ് വരുമ്പോഴാണല്ലോ അതിനനുസരിച്ചുള്ള നടപടികളിലേക്ക് കടക്കുക. ഇപ്പോൾ അത്തരമൊരു ഘട്ടത്തിലേക്ക് പോയിട്ടില്ല. കേസിലുൾപ്പെട്ട വിവാദ സ്ത്രീയുമായി ബന്ധപ്പെട്ടതിനാണ് ശിവശങ്കറിനെ മാറ്റിയത്. വിവാദ സ്ത്രീയുമായി ബന്ധപ്പെടാൻ പാടില്ലായിരുന്നു. അങ്ങനെയൊരാൾ ഓഫീസിന്റെ ഭാഗമായുണ്ടാവരുതെന്ന് തീരുമാനിച്ചു. യു.ഡി.എഫിന് ഇത് സ്വപ്നം കാണാനാവുമോ?
സസ്പെൻഡ് ചെയ്യാൻ
കാരണം വേണം
ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണമെങ്കിൽ അതിനു തക്കതായ കാരണങ്ങളുണ്ടാവണം. അത് അന്വേഷണത്തിന്റെ ഭാഗമായി തെളിഞ്ഞുവരട്ടെ. അതിനെ മറ്റ് രീതിയിലേക്ക് വഴിതിരിച്ചുവിടണോ? ഇതിൽ എന്റെ വിശ്വാസത്തിന്റെയോ വിശ്വാസമില്ലായ്മയുടെയോ പ്രശ്നമുദിക്കുന്നില്ല. ഇനിയുള്ള നടപടികൾക്ക് വസ്തുതയുണ്ടാവണം. ഒരുദ്യോഗസ്ഥൻ ഡ്യൂട്ടി നിർവ്വഹിച്ച് പോകുന്നുണ്ടോയെന്നാണ് സാധാരണ നോക്കുന്നത്. ആ നിലയ്ക്കല്ല പോയതെന്ന ആക്ഷേപമുയർന്നപ്പോൾ സംരക്ഷിക്കാൻ നിന്നില്ലല്ലോ.
സ്വപ്ന സുരേഷിന്റെ വ്യാജസർട്ടിഫിക്കറ്റ് കേസന്വേഷണത്തിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെതിരെയും പൊലീസ് നടപടിയിലേക്കു പോയ സാഹചര്യത്തിൽ കൺസൾട്ടൻസി സേവനങ്ങളിൽ നിന്ന് അവരെ ഒഴിവാക്കുമോയെന്ന ചോദ്യത്തിന്, തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കാൻ ഈ സർക്കാരുണ്ടാവില്ലെന്നായിരുന്നു മറുപടി.
ഓഫീസിൽ അഴിച്ചുപണിയില്ല
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് ശിവശങ്കറിന് പകരം മിർ മുഹമ്മദിനെ നിയമിച്ചതോടെ അക്കാര്യം പരിഹരിക്കപ്പെട്ടെന്നും , ഇനി അഴിച്ചുപണിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എം.വി. ജയരാജൻ തിരിച്ചുവരുന്നുവെന്ന വാർത്തകളെപ്പറ്റി ചോദിച്ചപ്പോൾ, വാർത്തകളുടെ പിന്നാലെ പോയാൽ അബദ്ധത്തിൽ ചാടുമെന്ന് അദ്ദേഹം പറഞ്ഞു.