sandeep

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സന്ദീപ് നായർ മദ്യപിച്ച് അപകടകരമായി കാറോടിച്ചതിന് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയപ്പോൾ ജാമ്യത്തിലിറക്കിയത് പൊലീസ് സംഘടനയുടെ സംസ്ഥാന ഭാരവാഹി. സ്വന്തം കാറിൽ വീട്ടിൽക്കൊണ്ടു വിടുകയും ചെയ്തു.

സന്ദീപിനെതിരെ നേരത്തേയുണ്ടായ ചെറിയ കേസുകളിലും ഈ നേതാവ് ഇടപെട്ടതായി ആരോപണമുണ്ട്. മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള ബെൻസ് കാറിന്റെ രേഖകൾ പൂനെയിലെ വ്യവസായിയായ മലപ്പുറത്തുകാരന്റേതാണ്. നികുതി അടയ്ക്കാതെയാണ് കേരളത്തിൽ ഓടിച്ചത്. യഥാർത്ഥ ഉടമയെത്താതെ കാർ വിട്ടുകൊടുത്തതും രേഖകൾ പരിശോധിക്കാതിരുന്നതും പൊലീസിന് വിനയായിട്ടുണ്ട്. ഇതേക്കുറിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം തുടങ്ങി.

കഴിഞ്ഞ മാസം 10ന് മദ്യപിച്ച് വാഹനമോടിച്ചതിന് മണ്ണന്തല പൊലീസാണ് സന്ദീപിനെ പിടികൂടിയത്.മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ആഡംബര കാറിൽ എത്തിയ ഇയാളെ പരിശോധനയ്ക്കിടെ പൊലീസ് പിടികൂടുകയായിരുന്നു. സന്ദീപിനെ മണ്ണന്തല പൊലീസ് സ്‌​റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ പൊലീസ് സംഘടനയിലെ നേതാവ് ജാമ്യത്തിനായി എത്തി. തന്റെ സഹോദരനാണെന്നാണ് നേതാവ് പറഞ്ഞത്. എന്നാൽ പൊലീസുകാരൻ ആയതിനാൽ മ​റ്റൊരാൾ എത്തി ജാമ്യത്തിലിറക്കുന്നതാണ് നല്ലതെന്ന് എസ്.ഐ നിർദ്ദേശിച്ചു. മറ്റൊരാൾ ജാമ്യത്തിനെത്തിയപ്പോൾ രേഖകളൊന്നും പരിശോധിക്കാതെ സന്ദീപിനെ വിട്ടയച്ചു.

ഈ കാറിലാണ് സന്ദീപ് സ്വർണക്കടത്ത് നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. കാറിന്റെ ഉടമയെച്ചൊല്ലി അവ്യക്തതയുണ്ടായിരുന്നെങ്കിലും മലപ്പുറം സ്വദേശി ഉസ്മാന്റെ കാറാണെന്ന് പിന്നീട് കണ്ടെത്തി. വെബ്സൈറ്റിലൂടെയാണ് കാർ വിറ്റതെന്നും രജിസ്ട്രേഷൻ മാറ്റാൻ എൻഒസി നൽകിയിരുന്നതായും ഉസ്മാൻ പൊലീസിനെ അറിയിച്ചു. എന്നാൽ സ്വർണക്കടത്ത് നടത്താനുള്ള സൗകര്യത്തിന് സന്ദീപ് കാറിന്റെ രജിസ്ട്രേഷൻ മാറ്റിയിരുന്നില്ല. കൃത്യമായ പരിശോധനയില്ലാതെ കാർ വിട്ടയച്ച മണ്ണന്തല എസ്.ഐയ്ക്കെതിരെയും ശുപർശ ചെയ്ത പൊലീസ് നേതാവിനെതിരെയും നടപടിയുണ്ടാവുമെന്നാണ് വിവരം.