തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് പൊട്ടിത്തെറിയുണ്ടായ പൂന്തുറയിൽ രോഗവ്യാപനത്തെ പിടിച്ചു നിറുത്തുന്ന കാര്യത്തിൽ വീണ്ടും ആശങ്ക. ഇന്നലെ പൂന്തുറയിലും സമീപ പ്രദേശങ്ങളായ ബീമാപള്ളി, മാണിക്യവിളാകം, വലിയതുറ പ്രദേശങ്ങളിൽ നിന്നും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30ആണ്. 94 പേരെയാണ് ഇന്നലെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 292ആയി. പൂന്തുറ സെന്റ് തോമസ് സ്‌കൂളിൽ കൊവിഡ് പ്രഥമഘട്ട ചികിത്സാകേന്ദ്രം തയ്യാറാക്കി. 92 കിടക്കകളാണ് ഇവിടെ എത്തിച്ചത്. ഇന്നലെ മുതൽ രോഗം സ്ഥിരീകരിക്കുന്നവരെ ഇവിടേക്കാണ് മാറ്റിയത്. മറ്റൊരു ചികിത്സാകേന്ദ്രവും തയ്യാറാക്കുന്നുണ്ട്. പരിശോധനകൾ ഇന്ന് മുതൽ പൂർണ തോതിലാക്കുന്നതിനാൽ രോഗികളുടെ എണ്ണം വീണ്ടും ഉയരാനാണ് സാദ്ധ്യത. ഇതുവരെ 1458 ആന്റിജൻ പരിശോധനകളാണ് നടന്നത്. സൂപ്പർ സ്‌പ്രെഡ് മേഖലയിൽ പരിശോധനയ്ക്ക് വിധേയരാകുന്നവരിൽ 20% പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ പലർക്കും പ്രത്യക്ഷ ലക്ഷണങ്ങളില്ലെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. പൂന്തുറ സ്റ്റേഷനിലെ 30ലേറെ പൊലീസുകാരും ശംഖുമുഖം അസി. കമ്മീഷണറും അടക്കം നിരീക്ഷണത്തിൽ പോയതിനാൽ പുതിയ സംഘത്തിനാണ് ഇവിടെ ക്രമസമാധാന ചുമതല. ജില്ലയിലെ മറ്റ് തീരദേശ മേഖലകളിൽ പുതിയ പോസിറ്റീവ് കേസുകൾ ഉണ്ടാകുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇന്നലെ മേയർ കെ. ശ്രീകുമാർ പൂന്തുറ സന്ദർശിച്ചു. '' പത്താം തീയതി വരെയുണ്ടായ സാഹചര്യമല്ല ഉള്ളതെന്നും സർക്കാരിന്റെ നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും ഇടവക വികാരി ഫാദർ ബാബിൻസൺ പറഞ്ഞു.
കൊവിഡിനെ പിടിച്ചുകെട്ടാൻ
ഇനിയും മുൻകരുതൽ വേണം.
കൊവിഡ് പരിശോധനയ്ക്ക് വരുന്നവർ രാവിലെ മുതൽ വൈകിട്ടുവരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്നാണ് നാട്ടുകാരുടെ പരാതി. ഇക്കാര്യം അവർ ഇന്നലെ മേയർ കെ. ശ്രീകുമാറിനെയും അറിയിച്ചു. പരിശോധനയ്ക്ക് എത്തുന്നവരിൽ കൊവിഡ് പോസിറ്റീവ് ആയവരും ഉണ്ട്. അവർ ഇരിക്കുന്ന കസേരയിലാണ് അടുത്തുവരുന്നവരും ഇരിക്കേണ്ടത്. ഇടയ്ക്കിടെ കസേരകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുന്നില്ലെന്ന് കൗൺസിലർ പീറ്റർ സോളമൻ ചൂണ്ടിക്കാട്ടി. വോളന്റിയർമാർക്ക് ആവശ്യമുള്ള ഗ്ലൗസുകളും സാനിട്ടൈസറും കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
''പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി എന്നിവടങ്ങിൽ സൂപ്പർ സ്‌പ്രെഡ് ഉണ്ടായ സാഹചര്യത്തിലാണ് കർശനമായ നടപടികളിലേക്ക് പോയത്. ജനത്തിന് ഇപ്പോൾ കാര്യങ്ങളുടെ ഗൗരവം മനസിലായി. നല്ല രീതിയിൽ ആരോഗ്യ പരിശോധന നടക്കുന്നുണ്ട്. നാട്ടുകാരുടെ ഭാഗത്തു നിന്നും നല്ല സഹകരണം ഉണ്ടാകുന്നു. ഇടവകയും പിന്തുണ നൽകുന്നുണ്ട്.
- മേയർ കെ.ശ്രീകുമാർ