തിരുവനന്തപുരം: സ്പീക്കറെ നീക്കാനാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത് വിഷയ ദാരിദ്ര്യത്താലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താലേഖകരോട് പറഞ്ഞു. സാധാരണരീതിയിൽ സ്പീക്കർമാർ ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുന്നവരല്ല. ഇവിടെ മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിലാണ് പ്രമേയം കൊണ്ടുവരുമെന്ന് പറയുന്നത്. ഇപ്പോഴത്തെ കേസിൽ പ്രതികളായവരെ ചൊല്ലിയുള്ള വിവാദങ്ങൾ അന്നുണ്ടായിട്ടില്ല. വിവാദമില്ലാതിരുന്നപ്പോഴത്തെ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ആരെങ്കിലും അവിശ്വാസം കൊണ്ടുവരുമോ? സാധാരണ നിലയ്ക്കുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാൻ സ്പീക്കറെ ക്ഷണിച്ചു, അദ്ദേഹം പോയി. നിങ്ങൾ പോകരുത് എന്നദ്ദേഹത്തോട് ആരും നിർദ്ദേശിച്ചിട്ടില്ല.
വിവാദസ്ത്രീക്കെതിരെ ഒരു ഘട്ടത്തിലും ഇന്റലിജന്റ്സ് റിപ്പോർട്ട് ഉണ്ടായിട്ടില്ല. അവർ കോൺസുലേറ്റ് ജനറലിന്റെ കൂടെയാണ് ഔദ്യോഗികവേദികളിൽ വന്നിട്ടുള്ളത്. നയതന്ത്ര ഉദ്യോഗസ്ഥയെന്ന പേരിലാണവർ പ്രവർത്തിച്ചിരുന്നത്. ആ നിലയിൽ അവർ പലരെയും ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ആ സ്ഥാനമുപയോഗിച്ച് അവർ വേറെ പലതും ചെയ്തു. അതിപ്പോൾ കണ്ടെത്തി. തുടർന്ന് അവരെ സംരക്ഷിക്കുന്നില്ലല്ലോ. അതാണ് കാണേണ്ടത്.
ഈ മാസം ആറ് മുതലാണ് തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ വന്നത്. അതിന് രണ്ട് ദിവസം മുമ്പ് പ്രതിയായ സ്ത്രീ ഇവിടത്തെ ഫ്ലാറ്റിൽ നിന്ന് പോകുന്നതിന്റെ സി.സി ടി.വി ദൃശ്യം കസ്റ്റംസിന് ലഭിച്ചെന്ന് പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരെങ്ങനെ സംസ്ഥാന അതിർത്തി വിട്ടുപോയിയെന്നാണ് മറ്റൊരു ചോദ്യം. കേരളത്തിൽ നിന്ന് ഒരാൾക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാൻ ഇവിടത്തെ ഇ-ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. പോകുന്ന സംസ്ഥാനത്തെ നടപടിക്രമങ്ങൾ പാലിച്ചാൽ മതി. കർണാടകയിൽ പോകാൻ സേവ സിന്ധു ആപ്പിൽ രജിസ്റ്റർ ചെയ്ത് സാക്ഷ്യപത്രം കരുതിയാൽ മതി. അവരവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നൊക്കെ അവിടത്തെ അധികൃതരോട് ചോദിക്കണം. നയതന്ത്രമേഖല പ്രത്യേകമായതിനാൽ കേന്ദ്രസർക്കാരിന്റെ ഉന്നത ഏജൻസികളാണ് അന്വേഷിക്കുന്നത്. ഇവരുടെ കാര്യത്തിൽ മറ്റ് പരിശോധനകളുണ്ടായോയെന്ന് ശ്രദ്ധയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.