തിരുവനന്തപുരം: ജില്ലയിൽ ഉറവിടമറിയാതെ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആര്യനാട് പനങ്ങോട് സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ (34), വനിതാ സിവിൽ പൊലീസ് ഓഫീസറായ നെടുമങ്ങാട് സ്വദേശിനി (27) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫോർട്ട്, കന്റോൺമെന്റ് പൊലീസ് സ്റ്റേഷനുകളിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇരുവർക്കും രോഗലക്ഷണമൊന്നും പ്രകടമായിരുന്നില്ല. ഇന്നലെയും ഇവർ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇവരുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടിക പുറത്തിറക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതോടെ ഫോർട്ട് സ്റ്റേഷനിലെ 20 പൊലീസുകാരും കന്റോൺമെന്റ് സ്റ്റേഷനിലെ 17 പൊലീസുകാരും ക്വാറന്റൈനിലായി.

നഗരത്തിലെ പൊലീസുകാർക്ക് നടത്താറുള്ള കൊവിഡ് പരിശോധനയിൽ 8നാണ് ഇവരുടെ സ്രവം പരിശോധനയ്ക്കെടുത്തത്. രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ ഇരുവരും ജോലിക്ക് വരികയും ചെയ്‌തു. രോഗലക്ഷണമില്ലാത്തതും ഇവർക്ക് ഈ ദിവസങ്ങൾക്കിടയിൽ നിരവധി പേരുമായി സമ്പർക്കമുണ്ടായതും വലിയ ആശങ്കയാണ്.