pinarayi-vijayan

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് മരണനിരക്ക് കുറഞ്ഞത് നമ്മുടെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറു കേസുകൾ എടുത്താൽ മരണ നിരക്ക് ലോക ശരാശരി 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനം.കേരളത്തിൽ 0.39 ശതമാനം മാത്രമാണ്. മഹാരാഷ്ട്രയിൽ 4.16 ശതമാനമാണിത്.

ജൂലായ് 12 ന് കർണാടകയിൽ മരിച്ചത് 71 പേരാണ്. തമിഴ്നാട്ടിൽ 68. മഹാരാഷ്ട്രയിൽ 173, കേരളത്തിൽ അന്നുണ്ടായത് 2 മരണങ്ങളാണ്.

പത്തുലക്ഷത്തിൽ എത്ര പേർ മരിച്ചു എന്ന മാനദണ്ഡമെടുത്താൽ കേരളത്തിൽ അത് 0.9 ആണ്. ഇന്ത്യയിൽ 17.1. മികച്ച രീതിയിൽ കൊവിഡ് മരണങ്ങളെ നമുക്ക് തടയാൻ സാധിച്ചു എന്നതിന്റെ തെളിവാണിത്.

ടെസ്റ്റുകൾ ആവശ്യത്തിനു ചെയ്യുന്നില്ലെന്നാണ് ചിലരുടെ പരാതി. ടെസ്റ്റുകളുടെ പര്യാപ്തത പരിശോധിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ടെസ്റ്റ് പെർ മില്യൺ വേഴ്സസ് കേസ് എന്നീ സങ്കേതങ്ങളുപയോഗിച്ചാണ്.

100 ടെസ്റ്റുകൾ ചെയ്യുമ്പോൾ എത്ര ടെസ്റ്റുകൾ പോസിറ്റീവാകുന്നുണ്ട് എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്ത് തന്നെ മികച്ചതാണ്. 2.27 ശതമാനം. ഇന്ത്യയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.46 ശതമാനമാണ്. ഒരു പോസിറ്റീവ് കേസിനു ആനുപാതികമായി എത്ര ടെസ്റ്റുകൾ ചെയ്യുന്നുണ്ട് എന്നതിന്റെ സൂചകമാണ് ടെസ്റ്റ് പെർ മില്യൺ വേഴ്സസ് കേസ് പെർ മില്യൺ. 50നു മുകളിൽ അതു സൂക്ഷിക്കുകയാണ് അഭികാമ്യം. ഇക്കാര്യത്തിൽ ഇന്ത്യയിലെ ശരാശരി 13 ആണ്. നമ്മുടേതാകട്ടെ 44 ആണ്. ടെസ്റ്റുകളുടെ കാര്യത്തിലും നമ്മൾ മുന്നിലാണെന്നർത്ഥം.