തിരുവിതാംകൂർ: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച വിധിയുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ പാരമ്പര്യം അവകാശപ്പെട്ട് കൂടുതൽ രാജകുടുംബാംഗങ്ങളും രംഗത്തെത്തി. തീരുമാനങ്ങളെടുക്കുമ്പോൾ തങ്ങളെക്കൂടി പരിഗണിക്കണമെന്നാണവരുടെ ആവശ്യം. അമ്മമഹാറാണി എന്നറിയപ്പെടുന്ന ജൂനിയർ റാണിയുടെ അർദ്ധസഹോദരിയും ആറ് വർഷത്തോളം റീജന്റ് റാണിയായി തിരുവിതാംകൂർ ഭരിച്ച സേതുലക്ഷ്മി ഭായിയുടെ കൊച്ചുമക്കളാണ് അവകാശ വാദവുമായി വന്നത്. തിരുവിതാംകൂർ അവസാനമായി ഭരിച്ച ചിത്തിര തിരുനാളിന്റെ അമ്മയാണ് ജൂണിയർ റാണി. റീജന്റ് റാണിക്ക് ആൺ മക്കളില്ലാത്തതിനാലാണ് ചിത്തിര തിരുനാൾ രാജാവായത്. ശ്രീമൂലം തിരുനാളിന്റെ കാലത്താണ് രാജകുടുംബം അന്യം നിന്നുപോകാതിരിക്കാൻ രാജാരവിവർമ്മയുടെ രണ്ട് പെൺമക്കളുടെയും മക്കളായ അർദ്ധസഹോദരിമാരായി സേതുലക്ഷ്മിഭായിയെും ജൂനിയർ റാണിയെയും തിരുവിതാംകൂർ ദത്തെടുത്തത്. ഇപ്പോൾ സ്ഥാനിയായ മൂലം തിരുനാൾ കഴിഞ്ഞാൽ സീനിയർ സേതുലക്ഷ്മി ഭായിയുടെ കൊച്ചുമക്കളായ ബാംഗ്ലൂരിലെ ബാലഗോപാല വർമ്മയും ആസ്ട്രേലിയയിലുള്ള വേണുഗോപാല വർമ്മയുമാണ്. ഇടയ്ക്ക് ക്ഷേത്രത്തിലെ ചില ചടങ്ങുകളിൽ രാജകുടുംബാംഗങ്ങളെന്ന നിലയ്ക്ക് ഇവർ പങ്കെടുക്കാറുണ്ടായിരുന്നു. തിരുവിതാംകൂർ കൊട്ടാരം എന്ന് പറയുമ്പോൾ കവടിയാറിൽ ഒതുങ്ങിപ്പോകരുത് എന്നാണിവരുടെ ആവശ്യം.