pinarayi-vijayan

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയുടെ അന്വേഷണം നല്ല വേഗതയിലാണ് പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റകൃത്യത്തിൽ ആർക്കൊക്കെയാണ് പങ്കുള്ളതെന്ന് പുറത്തുവരട്ടെ. ഓരോ കൂട്ടരും തീരുമാനിക്കുന്ന നിലയിലേക്ക് അന്വേഷണത്തിന് പോകാൻ പറ്റുമോയെന്നും, സർക്കാരിനെതിരായ പ്രതിപക്ഷനീക്കത്തെപ്പറ്റി വാർത്താലേഖകർ ചോദിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞു.

ലഭിക്കുന്ന സൂചനകളനുസരിച്ച് കൃത്യമായ രീതിയിലാണ് അന്വേഷണം പോകുന്നത്. ഇന്ത്യയിലെ പ്രമുഖ ഏജൻസിയാണല്ലോ അന്വേഷിക്കുന്നത്. അവർ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അതിന്റെ കൂടുതൽ കാര്യങ്ങളറിയില്ല. ആര് കുറ്റവാളിയായാലും സംരക്ഷിക്കുന്ന നിലയുണ്ടാവില്ല. അതിന് കാത്തുനിൽക്കാനെന്താണ് പ്രയാസം?

കള്ളക്കടത്ത് വഴിയുള്ള പണം തീവ്രവാദ ബന്ധങ്ങൾക്ക് പോയിയെന്നാണ് എൻ.ഐ.എ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം വേറെ വഴിക്ക് നീങ്ങുന്നുവെന്നാണതിനർത്ഥം. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ പുറത്തുവരാൻ പോകുന്നു. നമ്മളതിലല്ലേ ഊന്നേണ്ടത്? തീവ്രവാദശക്തികൾക്ക് പ്രോത്സാഹനം നൽകുന്ന കാര്യങ്ങളുണ്ടാകുന്നുവെങ്കിൽ അക്കാര്യം പുറത്തുവരണ്ടേ. എല്ലാ വൻസ്രാവുകളും കുടുങ്ങുന്നുവെങ്കിൽ കുടുങ്ങട്ടെ. ഇനി എന്റെ ഓഫീസിലേക്ക് അന്വേഷണമെത്തുന്നുവെങ്കിൽ എത്തട്ടെ. അതിലൊന്നും വിഷമമില്ലെന്ന് ഞാൻ നേരത്തേ പറഞ്ഞല്ലോ. നമ്മളൊന്നിനെയും പരോക്ഷമായി എതിർക്കാൻ നിൽക്കരുത്.

ചിലർക്ക് വല്ലാത്ത നെഞ്ചിടിപ്പുണ്ടാകുന്നുണ്ട്. അത് ശമിപ്പിച്ച് കൊടുക്കാൻ നിങ്ങൾ (മാദ്ധ്യമങ്ങൾ) ശ്രമിക്കേണ്ട. അന്വേഷണത്തിനുള്ള സ്വാതന്ത്ര്യം ഏജൻസിക്ക് നൽകുക. തെറ്റായ നടപടികൾ ഉണ്ടാകുന്നുവെങ്കിൽ അപ്പോളത് ചൂണ്ടിക്കാട്ടുക. നിങ്ങളെന്തിനാണ് ബേജാറാവുന്നത്?- മുഖ്യമന്ത്രി ചോദിച്ചു.