spread

തിരുവനന്തപുരം: കൊവിഡ് രോഗികൾ ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നാലു ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുനൽകി. ആലപ്പുഴ, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ക്ലസ്റ്ററുകൾ അതിവേഗം രൂപപ്പെടുന്നത് സൂപ്പർ സ്‌പ്രെഡിലൂടെയാണെന്നും ആരോഗ്യവകുപ്പ് തയ്യാറാക്കിയ ക്ലസ്റ്റർ അനാലിസിസ് റിപ്പോർട്ടിൽ പറയുന്നു.

50 പേരിൽ കൂടുതൽ രോഗികളുണ്ടാകുന്ന പ്രദേശത്തെയാണ് ക്ലസ്റ്ററായി തിരിക്കുന്നത്. ഇതുവരെ 47 ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഇതിൽ തിരുവനന്തപുരത്തെ പൂന്തുറ, മലപ്പുറത്തെ പൊന്നാനി എന്നിവയാണ് വലിയ ക്ലസ്റ്ററുകൾ. തിരുവനന്തപുരത്തെയും മലപ്പുറത്തെയും ക്ലസ്റ്ററുകളിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാനിടയുണ്ട്. ഇതുവരെ 15 ക്ലസ്റ്ററുകളിലാണ് രോഗം നിയന്ത്രണവിധേയമായത്. തിരുവനന്തപുരത്ത് പൂന്തുറ, ആറ്റുകാൽ, പുത്തൻപള്ളി, മണക്കാട്, മുട്ടത്തറ, പാളയം എന്നിവിടങ്ങളിലായി ആറ് ക്ലസ്റ്റർ രൂപപ്പെട്ടു. കൊല്ലം-11, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം-നാലുവീതം, മലപ്പുറം- മൂന്ന്, കോട്ടയം, ഇടുക്കി, കണ്ണൂർ, വയനാട്- രണ്ടുവീതം, കോഴിക്കോട്, കാസർകോട്- ഒന്നുവീതം. തൃശൂർ അഞ്ചിടങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്റർ രൂപപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

പ്രത്യേക ജാഗ്രത

കണ്ണൂർ സി.ഐ.എസ്.എഫ്, ഡി.എസ്.സി ക്യാമ്പുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണം. ആലപ്പുഴ നൂറനാട് ഇൻഡോ ടിബറ്റൻ ഫോഴ്‌സ് ക്യാമ്പിൽ കൂടുതൽ പേരിലേക്ക് രോഗം പടരാനിടയുണ്ട്. തൃശൂരിലെ കടലോര മേഖലയിൽ നിരീക്ഷണം ശക്തമാക്കണം. അതിർത്തി ജില്ലയായ പാലക്കാട് ഒമ്പതിടങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടാൻ സാദ്ധ്യതയുണ്ട്.