photo

പാ​രി​പ്പ​ള്ളി: പ​രോ​ളി​ലി​റ​ങ്ങി​യ ശേ​ഷം ജ​യി​ല​ധി​കൃ​ത​രെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങിന​ട​ന്ന കൊ​ല​ക്കേ​സ് പ്ര​തി​യെ പാ​രി​പ്പ​ള്ളി എ​സ്‌.​ഐ നൗ​ഫ​ലി​ന്റെ നേ​തൃ​ത്വ​ത്തിൽ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ചി​റ​ക്ക​ര ഇ​ട​വ​ട്ടം കു​ന്നു​പു​റ​ത്ത് വീ​ട്ടിൽ അ​മ്മാ​ച്ചൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​രേ​ഷാണ് (46) ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്.2004ൽ ചി​റ​ക്ക​ര രാ​വ​ണൻ ​പൊ​യ്​ക​യിൽ വ​ച്ച് സു​ശീ​ല​ൻ എന്നയാളെ വീ​ട്ടിൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ നെ​ട്ടു​കാൽ​ത്തേ​രി തു​റ​ന്ന ജ​യി​ലിൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കുകയായിരുന്നു. അഞ്ച് മാ​സം മുമ്പ് പ​രോ​ളിൽ ഇ​റ​ങ്ങിയ ശേ​ഷം മം​ഗ​ലാ​പു​ര​ത്ത് മുങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു.ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തു​മെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ടർ​ന്ന് പാ​രി​പ്പ​ള്ളി സി​.ഐ രൂ​പേ​ഷ് രാ​ജി​ന്റെ നിർ​ദ്ദേശ​പ്ര​കാ​രം എ​സ്‌.​ഐ നൗ​ഫൽ, ഗ്രേ​ഡ്​ എ​.എ​സ്‌​.ഐ അ​ഖി​ലേ​ഷ്, എ​സ്.സി.​പി​.ഒ ഷി​ബു, സി.​പി.​ഒ​മാ​രാ​യ മ​നോ​ജ്, രാ​ജേ​ഷ്, സ​ലാ​ഹു​ദ്ദീൻ എ​ന്നി​വ​ര​ട​ങ്ങുന്ന സം​ഘം വീ​ടുവ​ള​ഞ്ഞാ​ണ് പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്. കൊ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി.