തിരുവനന്തപുരം: നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ നിലവിൽ വന്നതോടെ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചു. മ്യൂസിയം, പി.എം.ജി, പട്ടം തുടങ്ങിയ ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്‌നൽ ലഭിക്കുന്നത് കാത്ത് വാഹനങ്ങളുടെ നിര കാണാമായിരുന്നു. അതേ സമയം ബൈപ്പാസിലും ദേശീയപാതയിലും തിരക്ക് കുറവായിരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മിക്കതും നീക്കം ചെയ്തു. എന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പൂന്തുറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബാരിക്കേടുകൾ നീക്കിയിട്ടില്ല. ക്രിട്ടക്കൽ കണ്ടെയ്ൻമെന്റ് സോണുകളായ പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകളിൽ പൊലീസിന്റെ ശക്തമായ നിരീക്ഷണമുണ്ട്. തിരുവല്ലത്തു നിന്നും അമ്പലത്തറിയിലേക്കുള്ള റോഡും തുറന്നിട്ടില്ല. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തിയത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് നാല് മുതൽ ആറുവരെയും പ്രവർത്തിച്ചു. കുടുംബശ്രീ ഹോട്ടലുകളിൽ നിന്നുമുള്ള പാർസലുകൾ ഒഴികെ മറ്റൊരു ഹോം ഡെലിവറിയും അനുവദിച്ചില്ല. അതേസമയം വിലക്കുലംഘനം നടത്തിയ 38 പേർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തമ്പാനൂർ, വിഴിഞ്ഞം സ്‌റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ. അനാവശ്യ യാത്ര നടത്തിയ 19 വാഹനങ്ങൾ പിടിച്ചെടുക്കുകയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 96 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. മാസ്ക് ധരിക്കാത്തതിനു രണ്ടാമതും പിടിയിലായാൽ അയാളെ നിർബന്ധിത ക്വാറന്റൈനിലാക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ആട്ടോറിക്ഷ, ടാക്‌സികളിൽ യാത്രക്കാർക്ക് കാണാൻ കഴിയും വിധത്തിൽ ഡ്രൈവറുടെ പേരും, ഫോൺ നമ്പരും, വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പരും പ്രദർശിപ്പിക്കണം. ഓരോ ദിവസവും വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ പേര്, ഫോൺ നമ്പർ, കയറിയതും ഇറങ്ങിയതുമായ സ്ഥലങ്ങൾ, സമയം എന്നിവ നിർബന്ധമായും ഡ്രൈവർമാർ രേഖപ്പെടുത്തണം. പരാതികൾ 0471255 8731, 04712558732 എന്നീ നമ്പരുകളിൽ അറിയിക്കാമെന്നും കമ്മിഷണർ അറിയിച്ചു.