തിരുവനന്തപുരം: നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴികെയുള്ളയിടങ്ങളിൽ കടകൾ പൂ‌ർണ തോതിൽ തുറക്കാൻ അനുവദിച്ചാലേ തിരക്ക് ഒഴിവാക്കാനാവൂ. വ്യാപാരികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഇത്തരത്തിലുള്ള കടഅടപ്പ് വലിയ ഭീതിയും ആശങ്കയും ഉണ്ടാക്കുന്നതാണ്. ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സാമ്പത്തിക നഷ്ടം താങ്ങാനാവുന്നില്ലെന്നും വരും ദിവസങ്ങളിൽ പാഴ്സൽ വിതരണത്തിന് അനുവദിക്കണമെന്നും സമിതി പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രനും ജനറൽ സെക്രട്ടറി വൈ. വിജയനും ട്രഷറർ ധനീഷ് ചന്ദ്രനും നിവേദനത്തിൽ ആവശ്യപ്പെട്ടു.