കഴക്കൂട്ടം: ജില്ലയിൽ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്ന നിലയിൽ മുന്നോട്ടുപോകുമ്പോഴും ജില്ലയിലെ പ്രധാന പദ്ധതികളിലൊന്നായ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം മുന്നോട്ടുതന്നെ. കേരളത്തിലെ ഏറ്റവും നീളം കൂടിയ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ആണിത്. ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിർമ്മാണം തടസപ്പെട്ടെങ്കിലും പദ്ധതി വീണ്ടും സജീവമാകുകയാണ്. പൈലിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തൊഴിലാളികൾ കുറവാണെങ്കിലും യന്ത്ര സാമഗ്രികൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 2022 മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ കാലതാമസം സൃഷ്ടിക്കുമെന്നാണ് സൂചന. ബൈപാസിലെ ടെക്‌നോപാർക്ക് ഫേസ് ത്രീ മുതൽ ദേശീയപാതയിലെ സി.എസ്.ഐ ആശുപത്രി വരെയുള്ള 2.72 കിലോമീറ്ററിലാണ് പദ്ധതി. ഫേസ് 3 മുതൽ ബൈപാസ് ജംഗ്ഷൻ വരെയുള്ള ഒന്നാംഘട്ടത്തിലെ 25 തൂണുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. എ.ജെ ആശുപത്രി മുതൽ സി.എസ്.ഐ ആശുപത്രി വരെയുള്ള 1.8 കിലോമീറ്ററിലെ ജോലിയാണ് നിലവിൽ നടക്കുന്നത്. ഇനി 15ന് താഴെ തൂണുകൾ സ്ഥാപിക്കുന്ന ജോലിയാണുള്ളത്. കഴക്കൂട്ടത്തെ നിലവിലെ കുരുക്ക് പരിഹരിക്കുന്നതിന് താത്കാലിക റോഡ് നിർമ്മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്.
ഐ.ടി നഗരത്തിന്റെ മുഖച്ഛായ മാറും
---------------------------------------------------------------------------------------
നാല് വർഷം മുമ്പ് നാട്പാക്കിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ടെക്‌നോപാർക്ക് മുതൽ കഴക്കൂട്ടം വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന ആശയം ഉയർന്നത്. കഴക്കൂട്ടം മുക്കോല പാത ഇരട്ടിപ്പിക്കലിന്റെ നിർമ്മാണ ഉദ്ഘാടന സമയത്ത് കേന്ദ്രമന്ത്റി നിതിൻ ഗഡ്കരിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ബൈപാസ് ജംഗ്ഷൻ മുതൽ എ.ജെ ആശുപത്രിവരെ 320 മീറ്ററിൽ 10 കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്ന ജോലിയാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്.
ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ ദേശീയപാതയിൽ
സി.എസ്.ഐ ആശുപത്രി വരെ
ദൂരം 2.72 കിലോമീറ്റർ റോഡിന്റെ വീതി - 45
നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചത് - 2022 മാർച്ചിൽ
റോഡ് നിർമ്മാണം ഇതുവരെ
----------------------------------------------
135 പേർക്ക് ഇതിനകം നഷ്ടപരിഹാര തുക നൽകി
ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു
വൈദ്യുതി പോസ്റ്റുകളും പൈപ്പുകളും മാറ്റുന്നു
നിർമ്മാണം കഴക്കൂട്ടം ജംഗ്ഷനിലേക്ക് കടന്നു
ജംഗ്ഷനിൽ സർവീസ് റോഡ് സജ്ജമാക്കി