vavubali

തിരുവനന്തപുരം: ഇത്തവണ പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം നടത്താൻ കഴിയില്ലെന്നോർത്ത് വിഷമിക്കേണ്ട. ബലി വീട്ടിലും അർപ്പിക്കാം. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ പുരോഹിതൻ നാരായണ ശർമ്മയും തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ പുരോഹിതൻ ഇ.എൻ. കൃഷ്ണൻ നമ്പൂതിരിയും ഇക്കാര്യം വ്യക്തമാക്കുന്നു.

ബലി കർമ്മത്തിനുത്തമം 'ഇല്ലം,​ നെല്ലി,​ വല്ലം' എന്നൊരു ചൊല്ലു തന്നെയുണ്ട്. നെല്ലി തിരുനെല്ലിയും വല്ലം തിരുവല്ലവുമാണ്. പ്രഥമസ്ഥാനത്തുള്ള 'ഇല്ലം' അവനവന്റെ വീടുതന്നെ. ഉച്ചരിക്കുന്ന മന്ത്രം അറിവില്ലായ്മയാൽ തെറ്റുന്നതുകൊണ്ട് കുഴപ്പമില്ല. തലേദിവസം കൃത്യമായി ഒരിക്കൽ വ്രതമെടുക്കുക. ഓരോന്നും അർപ്പിക്കുമ്പോൾ കൃത്യമായി പിതൃക്കളെ മനസിൽ ധ്യാനിക്കുക. ശുദ്ധിപാലിക്കുക- ഇതിലാണ് കാര്യമെന്ന് നാരായണ ശർമ്മ പറഞ്ഞു. ബലി തർപ്പണത്തിനുശേഷം പിതൃക്കൾക്കായി വച്ചൊരുക്കലും ആഹാരം സമർപ്പിക്കലുമൊക്കെയുണ്ട്. പല ദേശങ്ങളിലും സമുദായങ്ങളിലും അത് വ്യത്യസ്ഥമായ രീതികളിലാണെന്നും സസ്യാഹാരമാണ് ഉത്തമമെന്നും കൃഷ്ണൻ നമ്പൂതിരിയും പറഞ്ഞു.

കുളിച്ച് ശുദ്ധിയായി തീർത്ഥഘട്ടങ്ങളിൽ എങ്ങനെയാണോ അങ്ങനെ വീട്ടുമുറ്രത്തു ഇടതുമുട്ട് നിലത്തൂന്നിയിരുന്ന് കർമ്മം ചെയ്യാം. അതു കഴിയാത്തവർക്ക് സൗകര്യമനുസരിച്ച് ഇരിക്കാം.

കൈ കഴുകി പവിത്രം (‌ദർഭകൊണ്ടു തയ്യാറാക്കിയ മോതിരം)​ ധരിക്കുക. ഒരു പൂവെടുത്ത് ചന്ദനവും എള്ളും ചേർത്ത് കിണ്ടിക്കുള്ളിൽ ഇട്ട് കിണ്ടിയുടെ വായും വാലും അടച്ചു പിടിച്ച് അതിൽ ശിരസ് തൊടുവിച്ച് പറയുക-

''ഓം ഗംഗായേ നമഃ

ഗംഗേചേ യുമനേ ചൈവ ഗോദാവരി

സരസ്വതി നർമ്മദേ സിന്ധു കാവേരി

ജലേഅസ്മിൻ സന്നിധിം ഗുരൂം''

തുടർന്ന് മറ്റു മന്ത്രങ്ങൾ ചൊല്ലി കർമ്മങ്ങൾ പൂർത്തിയാക്കുക. പിണ്ഡം മാത്രം ചോറിരുന്ന ഇലയിലും ബാക്കി എല്ലാം പൂവിരിക്കുന്ന ഇലയിലും വയ്ക്കുക. പവിത്രം ഊരി കെട്ടഴിച്ച് പൂവിരിക്കുന്ന ഇലയിൽ വയ്ക്കണം.

ജലം തളിച്ച് ശുദ്ധമാക്കിയിടത്തോ ചാണകം മെഴുകിയിടത്തോ പിണ്ഡം മാത്രം കൊണ്ടുവയ്ക്കുക. ഇലകീറി പിണ്ഡത്തിന്റെ ഇരു വശത്തും ഇടുക. കൈകൊട്ടി കാക്കയെ വിളിക്കുക. കിണ്ടി കമിഴ്ത്തി വയ്ക്കണം. പിന്നെ കുളിക്കാം. ശേഷിക്കുന്ന ഇലയും മറ്റും ഉചിതമായിടത്ത് കളയാം.

(കർമ്മങ്ങൾ വിശദമായി കേൾക്കാൻ QR കോഡ് സ്കാൻ ചെയ്യുക)