മുടപുരം :അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ചതായി ഡെപ്യൂട്ടി സ്പീക്കർ വി.ശശി അറിയിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന,പെരുമാതുറ,പൊഴിക്കര, പുളുന്തുരുത്തി,മുതലപ്പൊഴി,ആരയതുരുത്തി വാർഡുകൾ,അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള വാർഡ് എന്നിവയെയും പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഈ വാർഡുകൾക്ക് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. മുൻനിശ്ചയപ്രകാരമുള്ള സർക്കാർ പരീക്ഷകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. കണ്ടെയിൻമെന്റ് സോണിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക ക്ലാസ് റൂം സജ്ജമാക്കണം. ആശുപത്രി സംബന്ധമായ ആവശ്യങ്ങൾക്കല്ലാതെ കണ്ടെയിൻമെന്റ് സോണിനു പുറത്തേക്ക് പോകാൻ അനുവദിക്കില്ല.