rahul-gandhi

കഴിഞ്ഞ മാർച്ചിൽ മദ്ധ്യപ്രദേശിലായിരുന്നു കോൺഗ്രസിനെ തളർത്തിയ അധികാരത്തർക്കം. പാർട്ടിയുടെ യുവ നേതാക്കളിലൊരാളായ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 എം.എൽ.എമാർ കൂറുമാറിയതോടെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വീണു. ഒന്നും ചെയ്യാൻ കഴിയാതെ ഈ പതനം നോക്കിനിൽക്കാനേ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞുള്ളൂ. ആവലാതികൾക്കു ചെവികൊടുക്കാൻ പാർട്ടി നേതൃത്വം ഒരിക്കൽ പോലും തയ്യാറായില്ലെന്നാണ് പാർട്ടി വിടുന്ന തീരുമാനം പ്രഖ്യാപിക്കവെ ജനസമ്മതനും ഏറെ അനുയായികളുമുള്ള സിന്ധ്യ അന്നു പറഞ്ഞത്. യുവ നേതാക്കളോട് കോൺഗ്രസ് പുലർത്തുന്ന കടുത്ത അവഗണന പുതുമയുള്ള കാര്യമൊന്നുമല്ല.

ശക്തരായ യുവനേതൃനിര വളർന്നുവരുന്നതിന് പല വിധത്തിലും തടസങ്ങൾ സൃഷ്ടിക്കുന്നത് ആ പാർട്ടി ഒരു ആചാരം പോലെ കൊണ്ടു നടക്കുകയാണെന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. രാജ്യം അടക്കി ഭരിച്ചിരുന്ന, മുക്കിലും മൂലയിലും വരെ ആഴത്തിൽ വേരുകളുണ്ടായിരുന്ന പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ആഹ്ലാദിക്കാനോ അഭിമാനിക്കാനോ അധികം പേരുണ്ടാകില്ല. അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നില്ലെന്നതാണ് കോൺഗ്രസിന്റെ തലവിധി.

മദ്ധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ ആടിയുലയുന്ന വാർത്തകളാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്.

ഇരുനൂറംഗ നിയമസഭയിൽ 107 സീറ്റ് നേടി അധികാരമേറ്റ അശോക് ഗെലോട്ട് സർക്കാരിന് ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിൽ നിന്നാണ് കടുത്ത വെല്ലുവിളി ഉയർന്നിരിക്കുന്നത്. പൈലറ്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു എന്നാണ് കേഴ്‌വി. വിപ്പ് നൽകി രണ്ടുവട്ടം കോൺഗ്രസ് നിയമസഭാ പാർട്ടി യോഗം വിളിച്ചുകൂട്ടി പിളർപ്പ് തടയുന്നതിൽ ഗെലോട്ട് താത്‌കാലിക വിജയം ഉറപ്പിച്ചിട്ടുണ്ടെങ്കിലും എത്രനാൾ നീണ്ടുനിൽക്കുമെന്നു പറയാനാവില്ല. മദ്ധ്യപ്രദേശിലെന്ന പോലെ രാജസ്ഥാനിലും കഴുകൻ കണ്ണുകളുമായി ബി.ജെ.പി പുറത്ത് കാത്തിരിക്കുകയാണ്.

ഓരോ തലയ്ക്കും 30 കോടി രൂപ വരെ വില നൽകി കോൺഗ്രസ് എം.എൽ.എമാരെ കൂടെ കൂട്ടാൻ ബി.ജെ.പി കരുക്കൾ നീക്കുന്നുവെന്നാണ് ഗെലോട്ടിന്റെ ആരോപണം. ഇതിനായി പത്തുകോടി വീതം അഡ്വാൻസും നൽകിയിട്ടുണ്ടത്രെ. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിൽ നിന്ന് പാർട്ടി എം.എൽ.എമാരെയും സർക്കാരിനെയും രക്ഷിക്കാൻ അവരെ ഒന്നടങ്കം മൂന്നുദിവസമായി വൻകിട ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണ്. സമീപകാലത്ത് പ്രചാരത്തിലായ റിസോർട്ട് രാഷ്ട്രീയം എം.എൽ.എമാർ വഴുതിപ്പോകാതിരിക്കാനുള്ള കരുതലാണ്. അളവറ്റ പണവും ഭീഷണിയുമൊക്കെ പുറത്തെടുത്താണ് പലരെയും വരുതിയിൽ നിറുത്തുന്നത്.

മദ്ധ്യപ്രദേശിലെന്ന പോലെ രാജസ്ഥാനിലും പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിരുത്തരവാദപരമായ നിലപാടു തന്നെയാണ് പ്രശ്നം ഇത്രയധികം വഷളാക്കിയത്. രണ്ടു വർഷം മുൻപ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾത്തന്നെ മുഖ്യമന്ത്രിക്കസേരയ്ക്കായി ഗെലോട്ടും പൈലറ്റും തമ്മിൽ രൂക്ഷമായ തർക്കം ഉടലെടുത്തിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് പൈലറ്റിന് ഉപമുഖ്യമന്ത്രി പദം നൽകിയത്. എന്നാൽ പ്രധാന വകുപ്പൊന്നും നൽകാതെ പൈലറ്റ് പക്ഷത്തെ മുഖ്യമന്ത്രി ഗെലോട്ട് അവഗണിക്കുകയായിരുന്നു. 107 സീറ്റിലെ വിജയത്തിന് പ്രധാനമായും പൈലറ്റാണ് കാരണക്കാരനെന്ന് അംഗീകരിക്കാനും തയ്യാറായില്ല. തഴക്കവും പഴക്കവുമുള്ള ഗെലോട്ടും സ്വന്തം നിലയിൽ അതിസാമർത്ഥ്യമുള്ള നേതാവു തന്നെയാണ്. കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തനുമാണ്.

ആ നിലയിൽ സംസ്ഥാന പാർട്ടി കാര്യങ്ങളിൽ എപ്പോഴും അദ്ദേഹത്തിനു മേൽക്കൈ ലഭിച്ചതിലും അസ്വാഭാവികതയില്ല. അതേസമയം തന്നെ പാർട്ടിയുടെ ഇനിയുള്ള ഭാവി യുവനേതാക്കളിലാണെന്ന യാഥാർത്ഥ്യം നേതൃത്വം മറക്കുകയാണ്. അങ്ങനെയുള്ളവരുടെ വാക്കുകൾ കേൾക്കാൻ പോലും അവസരം നൽകാറുമില്ല. തനിക്കു മാത്രം അറിയാവുന്ന കാരണത്താൽ പാർട്ടി പ്രസിഡന്റ് പദം ഒഴിഞ്ഞ രാഹുൽഗാന്ധി തന്നെയാണ് പരോക്ഷമായി ഇപ്പോഴും കാര്യങ്ങൾ നിയന്ത്രിക്കുന്നത്. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോൾ ഫലപ്രദമായി ഇടപെടാൻ അദ്ദേഹം തയ്യാറാകുന്നില്ല. സച്ചിൻ പൈലറ്റും ജ്യോതിരാദിത്യസിന്ധ്യയും രാഹുലിന്റെ ഏറ്റവുമടുത്ത വിശ്വസ്തരും കോൺഗ്രസിന് തിളക്കമേറിയ പ്രതിച്ഛായ നൽകിയവരിൽ പ്രമുഖരുമാണ്.

എന്നിട്ടും ഇരുവരെയും ഒപ്പം നിറുത്താനോ അവരെ പൂർണമായും വിശ്വാസത്തിലെടുക്കാനോ അദ്ദേഹത്തിനു കഴിയാതെ പോയി. രാജസ്ഥാൻ മന്ത്രിസഭാ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ ഡൽഹിയിൽ ഓടിയെത്തിയ സച്ചിൻ പൈലറ്റിനെ ഒന്നു കാണാൻ പോലും പാർട്ടി നേതൃത്വം തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. മദ്ധ്യപ്രദേശിൽ കമൽനാഥ് മന്ത്രിസഭ തകർന്ന ഘട്ടത്തിൽ സിന്ധ്യയും ഇതേ പരാതിയുമായാണ് മാദ്ധ്യമങ്ങളെ സമീപിച്ചത്. സച്ചിൻ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും സാധാരണ കോൺഗ്രസ് പ്രവർത്തകരല്ലെന്ന് ഓർക്കണം.

ഇരുവരും രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞവരും കേന്ദ്രമന്ത്രി പദമുൾപ്പെടെ പല സ്ഥാനമാനങ്ങൾ വഹിച്ചവരുമാണ്. രാജസ്ഥാനിലെ ഉപമുഖ്യമന്ത്രിയായ പൈലറ്റിന് പാർട്ടി നേതാക്കളെ കാണാനുള്ള അനുമതിക്കായി ഡൽഹിയിൽ ദിവസങ്ങളോളം കാത്തുകെട്ടി കിടക്കേണ്ട സ്ഥിതി വരുത്തിയത് ഏതു നിലയിലാണ് കോൺഗ്രസിന് സഹായകമാകുന്നത്. അച്ചടക്കമാണ് പ്രധാനമെന്ന വാദം അംഗീകരിക്കുമ്പോൾത്തന്നെ അതിനിടയാക്കിയ പ്രശ്നങ്ങൾക്കും പ്രതിസന്ധിക്കും പരിഹാരം കാണാനുള്ള ബാദ്ധ്യത കൂടി നേതൃത്വം ഏറ്റെടുക്കേണ്ടതല്ലേ? പാർട്ടിയെ പിളർപ്പോളമെത്തിച്ച പ്രതിസന്ധി രൂപപ്പെടുമ്പോൾ രണ്ടോ മൂന്നോ ദൂതന്മാരെ വിട്ട് താത്‌കാലിക നീക്കുപോക്കുണ്ടാക്കുന്നതല്ല നേതൃപാടവം.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് താൻ മടങ്ങിവരില്ലെന്ന നിലപാടുമായി കഴിയുന്ന രാഹുൽ ഗാന്ധിക്കു പകരം പുതിയ നേതാവിനെ കണ്ടെത്താൻ എന്തുകൊണ്ട് കഴിയുന്നില്ല? പാർട്ടി ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നേതൃത്വ പ്രതിസന്ധി തന്നെയാണെന്ന വലിയ സത്യം കോൺഗ്രസ് നേതാക്കൾ തിരിച്ചറിയുക തന്നെ വേണം. രാജസ്ഥാനിൽ ഗെലോട്ട് അധികാരം നിലനിറുത്തുന്നതിൽ വിജയിച്ചാലും അവിടെ പ്രതിസന്ധി ഒഴിഞ്ഞെന്നു കരുതാനാവില്ല. പ്രശ്നങ്ങൾ കണ്ടറിഞ്ഞുള്ള പരിഹാര ഫോർമുല കണ്ടെത്താൻ നേതൃത്വത്തിനു സാധിച്ചില്ലെങ്കിൽ മദ്ധ്യപ്രദേശിലെന്ന പോലെ രാജസ്ഥാനിലും ഭരണ നഷ്ടം ഉണ്ടാകും. പാർട്ടിയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടം തന്നെയാകും അത്.