swapna
Swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ ഇന്റലിജന്റ്സ് റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിക്കാതെ 'ശിവശങ്കർ കോക്കസ് ' മുക്കി.

ഐ.ടി വകുപ്പിലെ സ്പേസ് പാർക്കിൽ സ്വപ്നയ്ക്ക് ആറ് മാസത്തെ കരാർ നിയമന കാലാവധി കഴിഞ്ഞ് പുനർനിയമനത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ്, വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റവാളിയായി കണ്ടെത്തിയ പ്രതിയാണ് സ്വപ്നയെന്ന സ്പെഷ്യൽബ്രാഞ്ച് ഇന്റലിജൻസിന്റെ റിപ്പോർട്ട് വന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഒത്താശയോടെയാണ് ഫയൽ മുക്കിയത്. അതോടെ,സ്വപ്നയ്ക്ക് പുനർനിയമനമായി.

മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലിലെത്തുന്ന പരാതികളിൽ ക്രിയാത്മക ഇടപെടലിന് നേതൃത്വം നൽകിയ സത്യസന്ധനായ അണ്ടർ സെക്രട്ടറിയെ പുകച്ചുചാടിച്ചതും ഇതേ 'ഉദ്യോഗസ്ഥ കോക്കസ് . കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ ആശംസാകാർഡുകളയ്ക്കൽ, ദുരിതാശ്വാസനിധി സജീവമാക്കൽ, പരാതികളിൽ ന്യായമായവയിൽ മുഖ്യമന്ത്രിയുടെ ഇടപെടലും നടപടിയും ഉറപ്പാക്കൽ എന്നിവയ്ക്കെല്ലാം സ്തുത്യർഹമായ നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണിത്. കഴിഞ്ഞ ഏപ്രിലിൽ കൊവിഡ് അവലോകനചർച്ചയ്ക്ക് കുറിപ്പ് തയ്യാറാക്കിയതിന് പിന്നാലെ, അകാരണമായി തെറിച്ച ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സംസാരിച്ചു. കാര്യങ്ങൾ ബോദ്ധ്യപ്പെട്ട മുഖ്യമന്ത്രി, എത്രയും വേഗം ഇദ്ദേഹത്തെ തിരിച്ചെടുക്കാൻ വിശ്വസ്തനായ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. അതിനനുസരിച്ചുള്ള നിർദ്ദേശം കൈമാറിയെങ്കിലും വീണ്ടും ഫയൽ വഴിയിൽ മുങ്ങി. അണ്ടർ സെക്രട്ടറി ഇപ്പോഴും കളത്തിന് പുറത്ത്.

തുടക്കത്തിൽ കമ്പ്യൂട്ടർ സെല്ലിന്റെ ചുമതലയിലായിരുന്ന ഈ അണ്ടർ സെക്രട്ടറി, ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ശുപാർശകൾ മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിച്ചത്, മറ്റൊരു മുതിർന്ന അഡിഷണൽ പ്രൈവറ്റ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ലോബിക്ക് നീരസത്തിനിടയാക്കി. കമ്പ്യൂട്ടർ സെല്ലിൽ നിന്ന് പരാതി പരിഹാരസെല്ലിലേക്ക് പറിച്ചു നടപ്പെട്ട അണ്ടർ സെക്രട്ടറി അവിടെയും മികവാർന്ന പ്രവർത്തനം നടത്തിയത് പലർക്കും സുഖിച്ചില്ല. ആദ്യമൊക്കെ ഇദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിച്ച ശിവശങ്കറും, പിന്നീട് കോക്കസിന്റെ താളത്തിന് തുള്ളി. പൊലീസ് റിപ്പോർട്ടുകളും മറ്റും പരിശോധിക്കാൻ ചുമതലപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയും, അണ്ടർസെക്രട്ടറിക്കെതിരെ പ്രവർത്തിച്ച മുതിർന്ന അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുമാണ് സ്വപ്നയ്ക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ട് മറച്ചു വയ്ക്കുന്നതിനും മുൻകൈയെടുത്തത്.