ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കൊവിഡ് രോഗബാധിതരെ പ്രവേശിപ്പിക്കുന്നതിനുള്ള ആശുപത്രി പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എം. പ്രദീപ് അറിയിച്ചു. സ്പോർട്സ് ഹോസ്റ്റൽ, ഗവ. ഐ.ടി.ഐ, ഗവ. ഹോമിയോ ആശുപത്രി എന്നിവയാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. മൂന്നൂറ് പേരെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ആറ്റിങ്ങലിലുണ്ട്. പോസിറ്റീവായവരുടെ പ്രഥമ ഘട്ട ചികിത്സയാണ് ഇവിടെ നൽകുന്നത്. രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കേണ്ടവരെ ജനറൽ ആശുപത്രിയിലേക്കും അവസാനഘട്ടം ചികിത്സ വേണ്ടിവരുന്നവരെ മെഡിക്കൽ കോളേജിലേക്കും മാറ്റും. ജില്ലയിലെ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനെ തുടർന്നാണ് കൂടുതൽ സൗകര്യമൊരുക്കുന്നത്. ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുന്ന സെന്ററുകൾ ചന്ദ്രശേഖരൻ ഐ.എ.എസ് സന്ദർശിച്ചു. നഗരസഭാ ചെയർമാൻ എം. പ്രദീപ്, തഹൽസിദാർ മനോജ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് എന്നിവരുമായി ചർച്ച നടത്തി. ഹോമിയൊ ആശുപത്രിയിൽ കിടത്തി ചികിത്സയും സ്പോർട്സ് ഹോസ്റ്റലിലെ പ്രദേശിക ക്വാറന്റൈൻ സെന്ററും താത്കാലികമായി നിറുത്തിവയ്ക്കുമെന്ന് ചെയർമാൻ അറിയിച്ചു.