തിരുവനന്തപുരം: ജില്ലയിലെ കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനിടെ സുരക്ഷയൊരുക്കേണ്ട പൊലീസുകാരും ആശങ്കയിൽ. പൊലീസുകാരുടെ പരിശോധനാഫലം ലഭിക്കാൻ വൈകുന്നതിനാൽ പലരും ഡ്യൂട്ടിക്ക് ഹാജരാകുന്നുണ്ട്. പരിശോധനയ്‌ക്ക് ശേഷം നിരീക്ഷണത്തിലിരിക്കുന്ന പൊലീസുകാരെ കാലാവധി പൂർത്തിയാക്കും മുമ്പ് ജോലിക്ക് വിളിച്ചു വരുത്തുന്നതായും ആക്ഷേപമുണ്ട്. ഇത്തരത്തിൽ ജോലിക്ക് എത്തിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചതും സ്ഥിതി സങ്കീർണമാക്കുന്നു. നഗരത്തിൽ ഇതുവരെ ഒമ്പത് പൊലീസുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഫോർട്ട്, കന്റോൺമെന്റ് സ്റ്റേഷനുകളിലെ വനിതാപൊലീസുകാർക്ക് രോഗം കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം മൂന്നുദിവസവും കന്റോൺമെന്റ് സ്റ്റേഷനിലെ ജീവനക്കാരി ജോലിക്ക് ഹാജരായിരുന്നു. ഇതോടെ സ്‌റ്റേഷനിലെ മറ്റ് ജീവനക്കാർ ആശങ്കയിലായി. രോഗലക്ഷണങ്ങളില്ലാതിരുന്ന ഇവർ സ്വന്തം നിലയിലാണ് പരിശോധന നടത്തിയത്. കുറച്ചുദിവസം മുമ്പ് പേട്ട സ്റ്റേഷനിലെ പൊലീസുകാരനും എ.ആർ ക്യാമ്പിൽ അഞ്ച് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ആദ്യം രോഗം കണ്ടെത്തിയ പൊലീസുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 40 പൊലീസുകാരിൽ പകുതി പേരെ മാത്രമാണ് നിരീക്ഷണത്തിൽ പോകാൻ അനുവദിച്ചത്. നിരീക്ഷണത്തിൽ പോകാത്ത പൊലീസുകാർക്ക് പിന്നീട് കൊവിഡ് കണ്ടെത്തുകയും ചെയ്‌തു. സമാനമായ സാഹചര്യമാണ് പൂന്തുറ സ്റ്റേഷനിലുമുണ്ടായത്. കൊവിഡ് പരിശോധനയ്ക്ക് ശേഷവും ഇവിടെ എസ്.ഐ ജോലിക്ക് ഹാജരായി. ഇദ്ദേഹം മുൻകരുതൽ പാലിച്ചിരുന്നതിനാൽ മറ്റുള്ളവരിലേക്ക് രോഗം പകരാതെ തടയാനായി

 കാത്തിരുന്നത് മണിക്കൂറുകൾ

ജില്ലയിൽ പോസിറ്റീവായ പൊലീസുകാരുമായി സമ്പർക്കം പുലർത്തിയിരുന്ന വിവിധ സ്റ്റേഷനുകളിലെ വനിതാ പൊലീസുകാരുൾപ്പെടെയുള്ള ജീവനക്കാരെ ഇന്നലെ സ്രവ പരിശോധനയ്ക്കായി കന്റോൺമെന്റ് സ്റ്റേഷനിലെത്താൻ പറഞ്ഞിരുന്നു. രാവിലെ 9നെത്തിയ ഇവർക്ക് 12 ആയിട്ടും പരിശോധന നടത്തിയില്ല. സ്‌റ്റേഷനിലും കയറ്റാതിരുന്നതോടെ സെക്രട്ടേറിയറ്റ് പടിക്കലിലെ മതിലിൽ ഇരിക്കേണ്ട സ്ഥിതിയായിരുന്നു. പിന്നീട് മാദ്ധ്യമ പ്രവർത്തകർ ഇടപെട്ടതിന് പിന്നാലെ പൊലീസിന്റെ വാഹനത്തിൽ കയറ്റി ഇരുത്തുകയായിരുന്നു. മറ്റിടങ്ങളിൽ പരിശോധന നടക്കുന്നതിനാൽ വൈകുന്നുവെന്നായിരുന്നു വിശദീകരണം.

 ഡ്യൂട്ടി ഒഴിവാക്കാൻ മുങ്ങുന്നവരും

നിരീക്ഷണത്തിന്റെ പേര് പറഞ്ഞ് ഡ്യൂട്ടി ഒഴിവാക്കാൻ ചില പൊലീസുകാർ ശ്രമിക്കുന്നതായി സേനയിൽ തന്നെ ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ള മുങ്ങലുകൾ അവസാനിപ്പിക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ പരാതികൾ ഉയർന്നപ്പോഴും പ്രതികൂല നിലപാടുകൾ സ്വീകരിക്കുന്നതെന്നാണ് വിശദീകരണം. ഡ്യൂട്ടി ഒഴിവാക്കാനായാണ് പൊലീസുകാർ നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുന്നതെന്നും നിരീക്ഷണത്തിന് എ.ആർ ക്യാമ്പിൽ സൗകര്യമൊരുക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ നേരത്തെ വ്യക്തമാക്കിയിരുന്നു.

 ആരോഗ്യവകുപ്പിന് ആശങ്ക

കൂടുതൽ ആളുകളുമായി ഇടപഴകുന്ന പൊലീസുകാരിൽ രോഗബാധ ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്തുന്നത് ആരോഗ്യപ്രവർത്തകരെ ബുദ്ധിമുട്ടിലാക്കുന്നു. ഇവരിൽ നിന്നുള്ള രോഗവ്യാപനവും വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.